മുംബൈ:അന്തരിച്ച വ്യവസായി രത്തന്‍ ടാറ്റയുടെ പിന്‍ഗാമിയായി ടാറ്റ ട്രസ്റ്റിന്റെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നോയല്‍ ടാറ്റ. ഇന്നു മുംബൈയില്‍ ചേര്‍ന്ന ട്രസ്റ്റ് യോഗത്തിലാണ് തീരുമാനം. രത്തന്‍ ടാറ്റയുടെ അര്‍ധസഹോദരനാണ്. സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റ്, സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റ് എന്നിവയുടെ ബോര്‍ഡ് ട്രസ്റ്റിയാണ് നിലവില്‍ നോയല്‍ ടാറ്റ. നവല്‍ എച്ച് ടാറ്റയും സിമോണ്‍ എന്‍ ടാറ്റയുമാണ് മാതാപിതാക്കള്‍. നവല്‍ എച്ച് ടാറ്റയ്ക്ക് രണ്ട് ഭാര്യമാണുണ്ടായിരുന്നത്. ആദ്യ ഭാര്യ സൂനി ടാറ്റയിലുള്ള മക്കളാണ് രത്തന്‍ ടാറ്റയും ജിമ്മി ടാറ്റയും.
ഇന്ത്യയിലെ പബ്ലിക് ചാരിറ്റബിള്‍ ഫൗണ്ടേഷനുകളില്‍ ഏറ്റവും വലുതാണ് ടാറ്റ ട്രസ്റ്റ്. സര്‍ ദോറാബ്ജി ടാറ്റ ട്രസ്റ്റും സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റുമാണ് ടാറ്റ ട്രസ്റ്റിനുകീഴിലുള്ള രണ്ട് പ്രധാന സ്ഥാപനങ്ങള്‍. ടാറ്റ ഗ്രൂപ്പിന്റെ മാതൃ കമ്പനിയായ ടാറ്റ സണ്‍സിന്റെ 52 ശതമാനത്തോളം ഓഹരിയാണ് ഇരു ട്രസ്റ്റുകളും ചേര്‍ന്ന് കൈവശം വെച്ചിരിക്കുന്നത്. സര്‍ രത്തന്‍ ടാറ്റ ട്രസ്റ്റിന്റെയും സര്‍ ദൊറാബ്ജി ട്രസ്റ്റിന്റെയും കീഴില്‍ മൂന്ന് ട്രസ്റ്റുകള്‍ വീതമുണ്ട്.