നികുതി വെട്ടിപ്പ് തടയാന്‍ കര്‍ശന നടപടി; ഡിസംബര്‍ മുതല്‍ സൗദിയില്‍ ഇലക്ട്രോണിക് ബില്ലുകള്‍ മാത്രം


റിയാദ്: സൗദിയില്‍ വ്യാപാര രംഗത്ത് കൂടുതല്‍ സുതാര്യത ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി ഇ ഇന്‍വോയ്സിംഗ് സംവിധാനം വ്യാപകമാക്കുന്നു. ഇതിന്റെ ഭാഗമായി സൗദിയിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും ഇലക്ട്രോണിക് ബില്ലുകള്‍ സജ്ജീകരിക്കണമെന്ന് സകാത്ത് ആന്റ് ടാക്സ് അതോറിറ്റി മുന്നറിയിപ്പ് നല്‍കി. പദ്ധതിയുടെ ആദ്യ ഘട്ടം അടുത്ത മാസം ആരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട വിശദമായ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ അതോറിറ്റി നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു.

നികുതി നല്‍കാന്‍ ബാധ്യതപ്പെട്ട എല്ലാ വ്യക്തികളും സ്ഥാപനങ്ങളും അതോറിറ്റിയുടെ അംഗീകാരമുള്ള ഏതെങ്കിലും ഇ-ഇന്‍വോയിസ് ജെനറേഷന്‍ സൊല്യൂഷനുകള്‍ വഴി ഇ ബില്ലുകള്‍ നല്‍കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിരിക്കണം. പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കുന്ന ഡിസംബര്‍ നാലു മുതല്‍ ഇതുമായി ബന്ധപ്പെട്ട പരിശോധന ശക്തമാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. പേപ്പര്‍ ബില്ലുകള്‍ക്ക് ഇതിനുശേഷം നിയമ സാധുതയുണ്ടാകില്ല. ബില്ലുകളില്‍ ക്യുആര്‍ കോഡും നിര്‍ബന്ധമാണെന്നും അധികൃതര്‍ അറിയിച്ചു. ആദ്യഘട്ടത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ തമ്മിലും വ്യാപാര സ്ഥാപനങ്ങളും സര്‍ക്കാരും തമ്മിലുള്ള ഇടപാടുകള്‍ക്ക് ഇ-ഇന്‍വോയിസുകള്‍ നിര്‍ബന്ധമാണ്. എന്നാല്‍, വ്യാപാര സ്ഥാപനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ബില്ലുകള്‍ തുടക്കത്തില്‍ ഇബില്ലുകള്‍ ആയിരിക്കണമെന്ന് നിബന്ധന വയ്ക്കില്ല. അതേസമയം, അവ 24 മണിക്കൂറിനുള്ളില്‍ അതോറിറ്റി മുമ്പാകെ സമര്‍പ്പിച്ച് അംഗീകാരം നേടിയിരിക്കണമെന്ന നിബന്ധനയുണ്ട്.

നികുതി നല്‍കാന്‍ ബാധ്യതപ്പെട്ട വ്യക്തികളും സ്ഥാപനങ്ങളും അവരുടെ ഇ ബില്ലിംഗ് സംവിധാനം സകാത്ത് ആന്റ് ടാക്സ് അതോറിറ്റിയുടെ ഓണ്‍ലൈന്‍ സംവിധാനവുമായി ബന്ധിപ്പിച്ചിരിക്കണം. ഇതുമായി ബന്ധപ്പെട്ട സോഫ്റ്റ് വെയര്‍ തയ്യാറാക്കി അവ അതോറിറ്റി പോര്‍ട്ടലുമായി ബന്ധിപ്പിച്ചുവെന്ന് ഡിസംബര്‍ മൂന്നിനു മുമ്പ് പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. 2023 ജനുവരി മുതലാണ് പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പിലാക്കുക. ഇതോടെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ബില്ലുകള്‍ ഉള്‍പ്പെടെ ഇലക്ട്രോണിക് രീതിയിലേക്ക് മാറ്റേണ്ടിവരും.

വ്യാപാര രംഗത്തെ നികുതി വെട്ടിപ്പ് തടയുക, വ്യാജവും ഗുണനിലവാരമില്ലാത്തതുമായ ഉല്‍പന്നങ്ങളുടെ വില്‍പ്പന തടയല്‍, അമിത വിലയും വ്യാജ ഓഫറുകളും കണ്ടെത്തുക എന്നിവയും പുതിയ പദ്ധതിയുടെ ലക്ഷ്യമാണ്. നിലവില്‍ സൗദിയില്‍ പ്രധാന വ്യാപാര സ്ഥാപനങ്ങളിലെല്ലാം ഇലക്ട്രോണിക് ബില്ലുകളും ഇന്‍വോയ്സുകളും പ്രാബല്യത്തിലുണ്ട്. താഴേ തട്ടു വരെ ഈ സംവിധാനം വ്യാപിപ്പിക്കുകയാണ് അതോറിറ്റിയുടെ ലക്ഷ്യം. ബില്ലില്‍ നികുതി വിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കണമെന്നും അതോറിറ്റി വ്യക്തമാക്കി. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരേ പിഴ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media