മുന്നറിയിപ്പില്ലാതെ വെള്ളം ഒഴുക്കിയതിനെതിരെ കേരളം; തമിഴ്നാടിന്റെ നടപടി പ്രതിഷേധാര്‍ഹമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍



ഇടുക്കി: മുന്നറിയിപ്പില്ലാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതിനെതിരെ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. വിഷയത്തില്‍ രാഷ്ട്രീയമല്ല, ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്ന് മന്ത്രി വ്യക്തമാക്കി. ജനങ്ങളുടെ ജീവന്‍ സംരക്ഷിക്കുക എന്നതാണ് സര്‍ക്കാരിന്റെ ഏറ്റവും വലിയ ദൗത്യം. നിലവിലെ സാഹചര്യത്തില്‍ അത് നടപ്പാക്കാനുള്ള എല്ലാ നടപടികളും കേരളം സ്വീകരിച്ചിട്ടുണ്ട് എന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.


'മുന്നറിയിപ്പില്ലാതെ വെള്ളം തുറന്നുവിടുന്നത് ജനഹിതത്തിന് യോജിച്ചതല്ല. ഒരു സര്‍ക്കാരില്‍ നിന്നും അത്തരം നടപടിയുണ്ടാകാന്‍ പാടുള്ളതല്ല. ഒരു പരിധിയില്‍ കൂടുതല്‍ വെള്ളം ഒഴുക്കിവിടുന്നത് പ്രതിഷേധാര്‍ഹമാണ്. വിഷയത്തില്‍ മേല്‍നോട്ട സമിതി അടിയന്തര യോഗം വിളിക്കണം എന്നാവശ്യപ്പെടും. ഒരു ജനതയോടും ഒരു സര്‍ക്കാരും ചെയ്യാന്‍ പാടില്ലാത്ത നടപടിയാണ് തമിഴ്നാടിന്റേത്. തീരദേശത്തെ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാകണം ഓരോ തവണയും ഷട്ടറുകള്‍ ഉയര്‍ത്തേണ്ടത്.

പുലര്‍ച്ചെ രണ്ട് മണിക്ക് നാല് ഷട്ടറുകളാണ് 30 സെ.മീ വീതം ഉയര്‍ത്തിയത്. ഏകദേശം 45,000 ത്തിലധികം ഇന അടി വെള്ളമാണ് പുറത്തേക്കൊഴുക്കിയത്. ശേഷം 2.30ന് 1 മുതല്‍ എട്ടുവരെയുള്ള ഷട്ടറുകള്‍ 60 സെ മീ വീതം ഉയര്‍ത്തി. ഈ രണ്ട് തവണയും മുന്നറിയിപ്പ് നല്‍കിയില്ല. മൂന്നരയോടെ 1 മുതല്‍ 10 വരെയുള്ള ഷട്ടറുകള്‍ 60 സെ. മീ വീതം ഉയര്‍ത്തി. 4.30, 5 മണി സമയങ്ങളില്‍ ഷട്ടറുകള്‍ താഴ്ത്തിത്തുടങ്ങി. 6 മണിക്ക് വീണ്ടും ഷട്ടറുകള്‍ അടയ്ക്കുകയും 6.30ന് ഒരു ഷട്ടര്‍ മാത്രം 10 സെ.മീ ഉയര്‍ത്തി. ഓരോ തവണ ഷട്ടറുകള്‍ തുറക്കുമ്പോഴും കൃത്യമായി അറിയിപ്പ് നല്‍കേണ്ടതാണ്. അത് പാലിക്കപ്പെടാത്തത് അതീവ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. ഇത്തരം നടപടികളെല്ലാം സുപ്രിംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് ഡാമിന്റെ 10 സ്പില്‍വേ ഷട്ടറുകള്‍ തുറന്നത്. തീരത്തുള്ള വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. പെരിയാര്‍ തീരത്ത് ഏഴടിയോളം വെള്ളം കയറി. വൃഷ്ടിപ്രദേശത്ത് രാത്രി ശക്തമായ മഴ ലഭിച്ചതോടെയാണ് അണക്കെട്ടില്‍ ജലനിരപ്പ് വലിയ തോതില്‍ ഉയര്‍ന്നത്.

നിലവില്‍ മുല്ലപ്പെരിയാറിന്റെ രണ്ട് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയിരിക്കുന്നത്.ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും ജലനിരപ്പില്‍ മാറ്റമില്ല. അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി തുടരുകയാണ്. അണക്കെട്ടില്‍ നിന്ന് മുന്നറിയിപ്പില്ലാതെ വന്‍ തോതില്‍ വെള്ളം ഒഴുക്കിവിട്ടതിനെതിരെ പ്രദേശവാസികള്‍ വ്യാപകമായി പ്രതിഷേധിക്കുകയാണ്.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media