ദില്ലി: ലോക്‌സഭയിലേക്കുള്ള അവസാന ഘട്ട വോട്ടെടുപ്പില്‍ പതിനൊന്ന് മണിവരെ 26 ശതമാനം പോളിംഗ്. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണസിയടക്കം 57 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് തുടരുന്നത്. പശ്ചിമബംഗാളിലെ വിവിധയിടങ്ങളില്‍ സംഘര്‍ഷം നടന്നു. ജയ്‌നഗറില്‍ വോട്ടിങ് യന്ത്രങ്ങള്‍ ഒരു സംഘം കുളത്തിലെറിഞ്ഞപ്പോള്‍ ജാദവ്പൂരില്‍ ബോംബേറുണ്ടായി. ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഡിലുമായി 57 മണ്ഡലങ്ങളിലാണ് അവസാന ഘട്ടമായ ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. 2019 ല്‍ ഇതില്‍ 30 മണ്ഡലങ്ങളിലും വിജയം നേടിയത് എന്‍ഡിഎ ആയിരുന്നു. 19 സീറ്റുകളിലായിരുന്നു ഇന്ത്യ സഖ്യത്തിന്റെ വിജയം. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണസിയില്‍ ആദ്യ മണിക്കൂറുകളില്‍ ഭേദപ്പെട്ട പോളിങാണ് രേഖപ്പെടുത്തിയത്.
മോദിക്ക് പത്ത് ലക്ഷം വോട്ടെന്ന ലക്ഷ്യത്തോടെ ആയിരുന്നു വാരാണസിയിലെ ബിജെപി പ്രചാരണം. വോട്ടെടുപ്പിനിടെ ഇന്ത്യ സഖ്യത്തിന്റെ നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് വീട്ടുതടങ്കലിലാക്കിയെന്ന് വാരാണസിയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായ് ആരോപിച്ചു. യുപിയിലെ ബലിയയില്‍ വോട്ടെടുപ്പിനിടെ ബിജെപി ബൂത്തുകളില്‍ നോട്ടീസടിച്ച് പ്രചാരണം നടത്തുവെന്ന് സമാജ്ഡവാദി പാര്‍ട്ടിയും ആരോപിച്ചു.ഉത്തര്‍പ്രദേശിലെ പൂര്‍വാഞ്ചല്‍ മേഖലയിലെ 13 മണ്ഡലങ്ങളിലാണ് ഏഴാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. പശ്ചിമബംഗാളിലെ 9 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ്. വോട്ടെടുപ്പിനിടെ ജാദവ്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ഐഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. പ്രവര്‍ത്തകര്‍ക്കിടയില്‍ ബോബേറും നടന്നു.
ജയ്‌നഗര്‍ ലോക്‌സഭ മണ്ഡലത്തിലെ കൂല്‍തലിയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപി പ്രവര്‍ത്തകര്‍ക്കിടയിലും സംഘര്‍ഷമുണ്ടായി. ഇതിനിടെ ഒരു സംഘം കരുതല്‍ എന്ന നിലയ്ക്ക് സൂക്ഷിച്ചിരുന്ന ഇവിഎം, വിവിപാറ്റ് യന്ത്രങ്ങള്‍ കുളത്തിലെറിഞ്ഞു. 2 വിവിപാറ്റ് യന്ത്രങ്ങളും 1 കണ്‍ട്രോള്‍ യൂണിറ്റും 1 ബാലറ്റ് യൂണിറ്റുമാണ് അക്രമികള്‍ കുളത്തിലെറിഞ്ഞത്. ബിജെപി പ്രവര്‍ത്തകരാണ് പിന്നിലെന്ന് ടിഎംസി ആരോപിച്ചു.
സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. നോര്‍ത്ത് 24 പര്‍ഗനായില്‍ ബിജെപി പ്രവര്‍ത്തകനെ മുപ്പതോളം ടിഎംസി പ്രവര്‍ത്തകര്‍ വീട്ടില്‍ കയറി ആക്രമിച്ചു. പഞ്ചാബിലെ 13 മണ്ഡലങ്ങളിലും ഹിമാചല്‍പ്രദേശിലെ നാല് മണ്ഡലങ്ങളിലും ഈ ഒറ്റഘട്ടത്തിലാണ് തെരഞ്ഞെടുപ്പ്. കര്‍ഷക പ്രക്ഷോഭം വലിയ ചര്‍ച്ചയായ പഞ്ചാബില്‍ എഎപി കോണ്‍ഗ്രസ് അകാലിദള്‍ , ബിജെപി എന്നീ പാര്‍ട്ടികള്‍ക്കിടയില്‍ ചതുഷ്‌കോണ മത്സരമാണ് നടക്കുന്നത്. ബിഹാറിലെ എട്ട് മണ്ഡലങ്ങളാണ് അവസാനഘട്ടത്തില്‍ ജനവിധി തേടുന്നത്.