കൊവിഡിനെ പ്രതിരോധിക്കാന്‍ മെഡിക്കല്‍ കിറ്റുമായി
കണ്‍സ്യൂമര്‍ ഫെഡ്; നീതി സ്റ്റോറുകളില്‍നിന്ന് വാങ്ങാം
കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ കിറ്റുമായി കണ്‍സ്യൂമര്‍ ഫെഡ് രംഗത്ത്. രോഗബാധിതര്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും ഉപകരിക്കും വിധം വിവിധ മരുന്നുകള്‍, ആരോഗ്യദായക ഇനങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയുള്ള മെഡിക്കല്‍ കിറ്റുകളാണ് കണ്‍സ്യൂമര്‍ ഫെഡ് വിപണിയിലെത്തിക്കുക. കണ്‍സ്യൂമര്‍ ഫെഡിന്റെ ആസ്ഥാനത്ത് വച്ച് നടന്ന ചടങ്ങില്‍ വച്ച് പ്രതിരോധ കിറ്റിന്റെ ലോഞ്ചിങ് കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം മെഹബൂബ് നിര്‍വഹിച്ചു.
പാരസെറ്റ മോള്‍ 500, മൗത്ത് വാഷ്, വിറ്റാമിന്‍ സി, ബി കോംപ്ലക്‌സ്, ഇന്‍ഹാലേഷന്‍ ടാബ്, മൂന്ന് പ്ലൈ മാസ്‌കുകള്‍, എന്‍ 95 മാസ്‌ക്, ഒആര്‍എസ്, സാനിറ്റൈസറുകള്‍ എന്നിങ്ങനെ പത്തിനങ്ങളാണ് കണ്‍സ്യൂമര്‍ഫെഡിന്റെ മെഡിക്കല്‍ കിറ്റില്‍ ഉണ്ടാകുക. ആദ്യഘട്ടത്തില്‍ കണ്‍സ്യൂമര്‍ഫെഡ് നേരിട്ട് നടത്തുന്ന 78 നീതി മെഡിക്കല്‍ സ്റ്റോറുകളിലൂടെയാണ് കിറ്റുകള്‍ വിതരണം ചെയ്യുക. പിന്നീട് സംസ്ഥാനത്തുടനീളം കണ്‍സ്യൂമര്‍ഫെഡിന്റെ നിയന്ത്രണത്തില്‍ പ്രാഥമിക സഹകരണസംഘങ്ങള്‍ നടത്തുന്ന ആയിരത്തോളം മെഡിക്കല്‍ സ്റ്റോറുകല്‍ വഴിയും മെഡിക്കല്‍ കിറ്റുകള്‍ നല്‍കും.
പൊതു വിപണിയില്‍ 637 രൂപ വില വരുന്ന കിറ്റ് 200 രൂപ നിരക്കിലാണ് കണ്‍സ്യൂമര്‍ഫെഡ് ലഭ്യമാക്കുക. കൊവിഡ് ബാധിതര്‍ക്ക് രോഗശമലത്തിന് ശേഷം ആവശ്യമായ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിന് ഉതകുന്ന മരുന്നുകളും മറ്റും വിദഗ്ധര്‍ അടങ്ങുന്ന മെഡിക്കല്‍ സംഘത്തിന്രെ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ കിറ്റ് തയ്യാറാക്കി അടുത്ത ഘട്ടത്തില്‍ വിപണിയിലിറക്കാനും തീരുമാനിച്ചിട്ടുണ്ട്.