വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വാഹനനികുതി അടയ്‌ക്കേണ്ട തീയതി നീട്ടി
തിരുവനന്തപുരം: സ്‌കൂളുകള്‍ക്ക് ആശ്വാസമായി സ്‌കൂള്‍ വാഹനങ്ങളുടെ നികുതി അടയ്ക്കുന്നതിന് കാലാവധി നീട്ടി നല്‍കി സംസ്ഥാന സര്‍ക്കാര്‍. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വാഹനങ്ങളുടെ മൂന്നാം ക്വാര്‍ട്ടറിലെ നികുതി അടയ്ക്കുന്നതിനുള്ള കാലാവധി ഡിസംബര്‍ 31 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.
ഒക്ടോബറില്‍ ആരംഭിക്കുന്ന മൂന്നാം ക്വാര്‍ട്ടറിലെ വാഹന നികുതി അടയ്ക്കുന്നതിനുള്ള കാലാവധിയാണ് ഇപ്പോള്‍ നീട്ടി നല്‍കിയത്. നവംബറില്‍ സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഭ്യര്‍ത്ഥനയെത്തുടര്‍ന്നാണ് തീരുമാനമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ക്ക് സെപ്റ്റംബര്‍ 30 വരെയുള്ള നികുതി പൂര്‍ണമായി ഒഴിവാക്കിയിരുന്നു.
ഒന്ന് മുതല്‍ ഏഴ് വരെയുളള ക്ലാസ്സുകളും, 10, 12 ക്ലാസ്സുകളുമാണ് നവംബര്‍ ഒന്ന് മുതല്‍ ആരംഭിക്കുന്നത്. ബാക്കിയുള്ള ക്ലാസ്സുകള്‍ നവംബര്‍ 15 മുതലാണ് ആരംഭിക്കുക. രക്ഷാകര്‍ത്താക്കളുടെ സമ്മതത്തോടെയാവണം കുട്ടികള്‍ സ്‌കൂളുകളില്‍ എത്തിച്ചേരേണ്ടത്.