ഝാര്‍ഖണ്ഡില്‍ ബിജെപി യുവനേതാവിനെ കുത്തി കൊന്നു
ഝാര്‍ഖണ്ഡിലെ ഈസ്റ്റ് സിംഗ്ഭും ജില്ലയില്‍ ബി.ജെ.പി യുവനേതാവ് കുത്തേറ്റ് മരിച്ചു. ഭാരതീയ ജനതാ യുവമോര്‍ച്ച (ബിജെവൈഎം) ജില്ലാ ജനറല്‍ സെക്രട്ടറി സൂരജ് കുമാര്‍ സിംഗ് (26) ആണ് മരിച്ചത്. കുത്തേറ്റ സൂരജ് ഝാര്‍ഖണ്ഡിലെ ടാറ്റ മെയിന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ചൊവ്വാഴ്ച വീട്ടിലേക്ക് മടങ്ങും വഴിയാണ് സൂരജിന് കുത്തേറ്റത്. ബാഗ്ബെര സ്റ്റേഷന്‍ പരിധിയിലെ ഹര്‍ഹര്‍ഗുട്ടില്‍ വെച്ച് പ്രതി സോനുവും കൂട്ടാളികളും ചേര്‍ന്ന് സിംഗിനെ കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
സൂരജും സോനുവും ഭൂമിയെച്ചൊല്ലി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നതായി സീനിയര്‍ പൊലീസ് സൂപ്രണ്ട് (എസ്എസ്പി) എം തമിഴ് വാണന്‍ പറഞ്ഞു. സോനുവിനെയും പ്രായപൂര്‍ത്തിയാകാത്ത ഒരാളുള്‍പ്പെടെ മറ്റ് രണ്ട് പേരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.ബിജെവൈഎം ജില്ലാ ജനറല്‍ സെക്രട്ടറിയായതു മുതല്‍ സൂരജ് പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. അതേസമയം സംസ്ഥാനം ഭരിക്കുന്നത് ഹേമന്ത് സോറന്റെ നേതൃത്വത്തിലുള്ള ക്രിമിനലുകളാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദീപക് പ്രകാശ് ആരോപിച്ചു.