'മോഫിയ കേസില്‍ സിഐ സുധീറിനെ പ്രതിചേര്‍ക്കണം', സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടി നിയമവിദഗ്ധര്‍
ആലുവ: ആലുവയിലെ നിയമ വിദ്യാര്‍ത്ഥിനി മോഫിയ ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കേസില്‍ പൊലീസിന് കടുത്ത വീഴ്ച ഉണ്ടായതായി തെളിഞ്ഞിട്ടും സിഐ സുധീറിനെ പ്രതി ചേര്‍ക്കാത്തതില്‍ വിമര്‍ശനവുമായി നിയമവിദഗ്ധര്‍. ആത്മഹത്യയ്ക്ക് കാരണമായവര്‍ പ്രതികളായിട്ടുണ്ടെന്ന സുപ്രീം കോടതി വിധി ചൂണ്ടിക്കാട്ടിയാണ് മോഫിയ കേസില്‍ സുധീറിനെ പ്രതി ചേര്‍ക്കണമെന്ന് വിദഗ്ധര്‍ ആവശ്യപ്പെടുന്നത്.
നിയമപരിരക്ഷ പ്രതീക്ഷിച്ചാണ് മോഫിയ പൊലീസ് സ്റ്റേഷനിലെത്തിയത്. എന്നാല്‍ മനോരോഗിയെന്ന് വിളിയും അധിക്ഷേപവുമായിരുന്നു പൊലീസ് ഉദ്യോഗസ്ഥനില്‍ നിന്നുമുണ്ടായത്. ഭര്‍ത്താവ് സുഹൈലിന്റെയും വീട്ടുകാരുടെയും മാനസിക ശാരീരിക ഉപദ്രവങ്ങള്‍ അതിജീവിച്ച മോഫിയ സിഐ സുധീറിന്റെ അധിക്ഷേപത്തിലാണ് തകര്‍ന്നത്. ആത്മഹത്യ ചെയ്ത മണിക്കൂറുകള്‍ക്ക് മുന്‍പ് നടന്ന സംഭവങ്ങള്‍ക്ക് കാരണക്കാരായവരെ പ്രതിചേര്‍ക്കണമെന്ന സുപ്രീം കോടതി വിധിയുടെ ലംഘനമാണ് നിലവില്‍ നടക്കുന്നതെന്ന് നിയമവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു. 2019ലെ രാജേഷ്- ഹരിയാന സര്‍ക്കാര്‍ കേസിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധിയുള്ളത്.
ഒക്ടോബര്‍ 29 നാണ് ഗാര്‍ഹിക പീഡനം നേരിടേണ്ടിവരുന്നുവെന്ന മോഫിയ പര്‍വീണിന്റെ പരാതി സിഐ സുധീറിന് കിട്ടിയത്. എന്നാല്‍ ഒരു മാസം സമയം പൊലീസ് ഇക്കാര്യത്തില്‍ ഒന്നും ചെയ്തില്ല. കൊലപാതകം,തട്ടിക്കൊണ്ടു പോകല്‍, ബലാത്സംഗം തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഒഴികെ പ്രാഥമിക അന്വേഷണത്തിന് ശേഷമേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാവൂ എന്ന ലളിതകുമാരി കേസിലെ സുപ്രീം കോടതി വിധിയാണ് ഇദ്ദേഹത്തെ സംരക്ഷിക്കുന്നവര്‍ ഉന്നയിക്കുന്നത്. വ്യാപാരതര്‍ക്കം,അഴിമതി ആരോപണം, ദാമ്പ്ത്യപ്രശ്‌നങ്ങള്‍ തുടങ്ങിയ പരാതികളില്‍ കേസെടുക്കണമെങ്കില്‍ പ്രാഥമിക അന്വേഷണം നടത്തണം. എന്നാല്‍ ഭര്‍ത്താവില്‍ നിന്നും ലൈംഗിക വൈകൃത പീഡനം ഉള്‍പ്പടെ പരാതിക്കാരി ചൂണ്ടിക്കാട്ടിയിട്ടും ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കാനാണ് പൊലീസ് ശ്രമിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്ത് പരാതിക്കാരിയെ മജിസ്‌ട്രേറ്റിന് മുന്‍പാകെ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്താനുള്ള സാധ്യതയും പൊലീസ് തേടിയില്ല. കേസില്‍ പ്രതി ചേര്‍ത്തില്ലെങ്കില്‍ വകുപ്പ് തല നടപടി മാത്രമായിരിക്കും നിലവില്‍ സസ്‌പെന്‍ഷനിലായ സിഐ സുധീറിന് നേരിടേണ്ടി വരിക.