കണ്ണൂര്‍ ജില്ലാ ട്രഷറിയില്‍ തട്ടിപ്പ്; സീനിയര്‍ അക്കൗണ്ടന്റ്
അറസ്റ്റില്‍, തട്ടിയെടുത്തത് 10 ലക്ഷത്തോളം രൂപ
കണ്ണൂര്‍ : കണ്ണൂര്‍ ജില്ലാ ട്രഷറിയില്‍ തട്ടിപ്പ് നടത്തിയ സീനിയര്‍ അക്കൗണ്ടന്റ് അറസ്റ്റില്‍ (. കണ്ണൂര്‍ കൊറ്റാളം സ്വദേശി നിതിന്‍ രാജിനെയാണ് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ 10 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പ്രാഥമിക നിഗമനം. അക്കൗണ്ട് നമ്പറിലോ ഐഎഫ്എസ്സി കോഡിലേയോ പ്രശ്‌നം കാരണം ഗുണഭോക്താക്കള്‍ക്ക് ലഭിക്കാതെ തിരിച്ച് ട്രഷറിയിലെത്തുന്ന തുകയിലാണ് തട്ടിപ്പ് നടത്തിയത്. ട്രഷറിയില്‍ തിരിച്ചെത്തുന്ന തുക സ്വന്തം പേരിലുള്ള ഫെഡറല്‍ ബാങ്ക് അക്കൗണ്ടിലേക്ക് നിതിന്‍ രാജ് മാറ്റിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.
ട്രഷറി ഉദ്യോഗസ്ഥരുടെ പരാതിയില്‍ കഴിഞ്ഞ ദിവസം ട്രഷറിയില്‍ വിജിലന്‍സ് സംഘം പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിതിന്‍ രാജ് അറസ്റ്റിലായത്. വിവിധ ഇടപാടുകളിലായി ഏകദേശം 10 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടത്തിയത്. 2019 മുതല്‍ ട്രഷറിയില്‍ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടത്തിയിരുന്നു. സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് ഇയാളെ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.