സ്‌കൂളുകളില്‍ ഇനി വൈകുന്നേരം വരെ ക്ലാസ്;
ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒഴിവാക്കിയേക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ പ്രവൃത്തിസമയം വൈകുന്നേരം വരെയാക്കാന്‍ വിദ്യാഭ്യാസ വകുപ്പില്‍ ധാരണ. പാഠഭാഗങ്ങള്‍ തീര്‍ക്കാന്‍ ആവശ്യമായ സമയം ലഭിക്കുന്നില്ലെന്ന അധ്യാപകരുടെ പരാതി കണക്കിലെടുത്താണ് തീരുമാനം. വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതല യോഗത്തിലാണ് നിര്‍ണായക തീരുമാനമുണ്ടായത്.
സ്‌കൂള്‍ പ്രവര്‍ത്തിസമയം വൈകുന്നേരം വരെയാക്കാന്‍ ധാരണയായെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും ഇക്കാര്യത്തില്‍ നിര്‍ണായക തീരുമാനം സ്വീകരിക്കുക. മുഖ്യമന്ത്രിയില്‍ നിന്നും അനുകൂല നിലപാട് ഉണ്ടായാല്‍ ഉച്ചവരെയുള്ള ക്ലാസുകള്‍ക്ക് അവസാനമാകും. യോഗത്തിലെ തീരുമാനം വിദ്യാഭ്യാസ മന്ത്രിയെയും അറിയിക്കും. സര്‍ക്കാരില്‍ നിന്നും അനുകൂല നിലപാട് ഉണ്ടായാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടരുമോ എന്ന കാര്യത്തില്‍ ഇതോടെ സംശയം ശക്തമായി.
രാവിലെ മുതല്‍ ഉച്ചവരെയുള്ള ക്ലാസുകള്‍ തുടരേണ്ടതില്ലെന്നും മുന്‍പ് ഉണ്ടായിരുന്ന സമയക്രമമായ രാവിലെ മുതല്‍ വൈകുന്നേരം വരെയാക്കാനുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗത്തില്‍ തീരുമാനമായത്. കൊവിഡ്-19 ആശങ്ക മാതാപിതാക്കളില്‍ കുറഞ്ഞതും കുട്ടികള്‍ മടിയില്ലാതെ ഈ ഘട്ടത്തിലും സ്‌കൂളുകളില്‍ എത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ എത്രയും വേഗം പഴയ നിലയിലേക്ക് ക്ലാസുകള്‍ തിരികെ എത്തിക്കണമെന്നാണ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നത്.
കുട്ടികളെ രണ്ട് ബാച്ചുകളായി തിരിച്ച് മൂന്ന് ദിവസം വീതം രാവിലെ മുതല്‍ വൈകുന്നേരം വരെയാകും ക്ലാസുകള്‍. ക്ലാസുകള്‍ ഉച്ചവരെ മാത്രമായതിനാല്‍ ആവശ്യമായ സമയം ലഭിക്കുന്നില്ലെന്ന പരാതി അധ്യാപകരില്‍ വ്യാപകമായിരുന്നു. പ്ലസ് വണ്ണിന് 50 താല്‍ക്കാലിക ബാച്ചുകള്‍ അധികമായി അനുവദിക്കണമെന്നും യോഗത്തില്‍ തീരുമാനമായി.