കൊച്ചി: കേരള സ്റ്റോറി സിനിമക്കതിരായ ഹര്‍ജിയില്‍ നിര്‍ണായക പരാമര്‍ശവുമായി ഹൈക്കോടതി.ട്രെയിലര്‍ മുഴുവന്‍ സമൂഹത്തിനെതിരാകുന്നതല്ലല്ലോയെന്ന് കോടതി ചോദിച്ചു. നിയമാനുസൃത സംവിധാനം സിനിമ കണ്ട് വിലയിരുത്തിയതാണ്.ചിത്രം ചരിത്രപരമായ സിനിമയല്ല, സാങ്കല്‍പ്പിക ചിത്രമല്ലേയെന്ന് കോടതി ചോദിച്ചു. മതേതര സ്വഭാവമുള്ള കേരളീയ സമൂഹം ചിത്രത്തെ സ്വീകരിച്ചോളും. ചിത്രം പ്രദര്‍ശിപ്പിക്കുന്നതു കൊണ്ട് ഒന്നും സംഭവിക്കില്ല. ചിത്രത്തിന്റെ ടീസര്‍ ഇറങ്ങിയത് നവംബറിലാണ്. ആരോപണവുമായി വരുന്നത് ഇപ്പോഴല്ലേയെന്നും കോടതി ചോദിച്ചു.
അതേസമയം നിഷ്‌കളങ്കരായ ജനങ്ങളുടെ മനസ്സില്‍ വിഷം കുത്തിവയ്ക്കുകയാണ് ചിത്രത്തിലൂടെയെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. കുറ്റകരമായ എന്താണ് ചിത്രത്തിലുള്ളതെന്ന് ഹര്‍ജിക്കാരോട് കോടതി ചോദിച്ചു.ആല്ലാഹുവാണ് ഏകദൈവം എന്ന് ചിത്രത്തില്‍ പറയുന്നതില്‍ എന്താണ് തെറ്റ്? ഒരാള്‍ക്ക് തന്റെ മതത്തിലും ദൈവത്തിലും വിശ്വസിക്കാനും അത് പ്രചരിപ്പിക്കാനും ഉളള അവകാശം രാജ്യം പൗരന് നല്‍കുന്നുണ്ട്.കുറ്റകരമായ എന്താണ് ട്രെയിലറിലുള്ളതെന്ന് ഹര്‍ജിക്കാരോട് കോടതി ചോദിച്ചു. ചിത്രത്തിന്റെ ടീസറും ,ട്രെയിലറും ഹൈക്കോടതി പരിശോധിച്ചു.ഇസ്ലാം മതത്തിനെതിരെ ചിത്രത്തിന്റെ ട്രെയിലറില്‍ പരാമര്‍ശം ഒന്നും ഇല്ല. ഐഎസിനെതിരെയല്ലെ പരാമര്‍ശം ഉളളത്?.
ഇത്തരം ഓര്‍ഗനൈസേഷന്‍സിനെപ്പറ്റി എത്രയോ സിനിമകളില്‍ ഇതിനകം വന്നിരിക്കുന്നു. ഹിന്ദു സന്യാസിമാര്‍ക്കെതിരെയും ക്രിസ്ത്യന്‍ വൈദികര്‍ക്കെതിരെയും മുന്‍പ് പല സിനിമകളിലും പരാമര്‍ശങ്ങളും മറ്റും ഉണ്ടായിട്ടുണ്ടല്ലോയെന്ന് കോടതി ചോദിച്ചു. ഫിക്ഷന്‍ എന്ന രീതിയിലല്ലേ ഇതിനെയൊക്കെ കണ്ടത്. ഇപ്പോള്‍ മാത്രമെന്താണ് ഇത്ര പ്രത്യേകത?ഈ സിനിമ ഏതു തരത്തിലാണ് സമൂഹത്തില്‍ വിഭാഗീയതയും സംഘര്‍ഷവും സൃഷ്ടിക്കുന്നതെന്നും കോടതി ചോദിച്ചു. കേരളത്തില്‍ ലൗജിഹാദ് ഉണ്ടെന്ന് ഇതുവരെ ഒരു ഏജന്‍സിയും കണ്ടെത്തിയിട്ടില്ലെന്ന് ഹരജിക്കാര്‍ വാദിച്ചു.