കൊവിഡ് വ്യാപനം; ടോക്യോ ഉള്‍പ്പടെ
ആറിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജപ്പാന്‍
ടോക്യോ: കൊവിഡ് കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ജപ്പാനിലെ ആറ് പ്രവിശ്യകളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യതലസ്ഥാനവും ഒളിമ്പിക്‌സ് വേദിയുമായ ടോക്യോ, കനഗാവ, ഒസാക്ക, ഒഖിനാവ, സൈതാമ, ചിബ, എന്നീ പ്രവിശ്യകളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. കൊവിഡ് കേസുകള്‍ കുതിച്ചുയരുന്ന രാജ്യത്തെ ആറ് പ്രവിശ്യകളില്‍ ഓഗസ്റ്റ് 31 വരെ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചതെന്ന് ജാപ്പനീസ് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
ദിനംപ്രതിയുള്ള കൊവിഡ് കേസുകളില്‍ ഉയര്‍ന്ന വര്‍ധവുണ്ടായതിന് പിന്നാലെയാണ് രോഗവ്യാപനം നിയന്ത്രിക്കാന്‍ ജാപ്പനീസ് ഭരണകൂടം കര്‍ശന നടപടികളിലേക്ക് നീങ്ങിയത്. ഹൊക്കായിഡോ, ഇഷികാവ, ഫുക്കുഓക്കക്യോടോ, ഹ്യോഗോ എന്നീ പ്രവിശ്യകളിലേക്ക് രോഗം പടരുന്നത് തടയാന്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ ജനങ്ങള്‍ വീടിന് പുറത്തിറങ്ങരുതെന്നും സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു.