തിരുവനന്തപുരം: മരച്ചീനിയില്‍ നിന്ന് മദ്യം ഉല്‍പ്പാദിപ്പിക്കാനുള്ള നടപടികള്‍ക്ക് അംഗീകാരം നല്‍കാന്‍ വേറെ നിയമനിര്‍മാണം ആവശ്യമില്ലെന്ന് എക്‌സൈസ് മന്ത്രി എം വി ഗോവിന്ദന്‍. തിരുവനന്തപുരം കിഴങ്ങ് ഗവേഷണ കേന്ദ്രത്തില്‍ മരച്ചീനിയില്‍ നിന്ന് എഥനോളും മറ്റ് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതിക്കായി രണ്ട് കോടി രൂപ മാറ്റിവയ്ക്കുന്നതായി ഇന്നലെ ബജറ്റില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചിരുന്നു.
ഇത് ഫലപ്രദമായി നടപ്പാക്കാനായാല്‍ മരച്ചീനി കൃഷിക്കാരെ സംബന്ധിച്ചിടത്തോളം വലിയൊരു അനുഗ്രഹമാകും. മരച്ചീനികൃഷി വളരെ വലിയ രീതിയില്‍ വിപുലീകരിക്കപ്പെടും - മന്ത്രി വ്യക്തമാക്കി.
പഴവര്‍ഗ്ഗങ്ങളും മറ്റ് കാര്‍ഷിക ഉത്പന്നങ്ങളും ഉപയോഗിച്ച് എഥനോള്‍ ഉള്‍പ്പടെയുള്ള മൂല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കാനും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാനുമുള്ള നടപടികള്‍ തുടങ്ങുമെന്നാണ് ഇന്നലെ ബജറ്റില്‍ പ്രഖ്യാപനമുണ്ടായത്. ഇതില്‍ ആദ്യഘട്ടത്തിലാണ് മരച്ചീനിയില്‍ നിന്ന് എഥനോള്‍ നിര്‍മിക്കാന്‍ ഗവേഷണം നടത്തുന്നത്. മൂല്യ വര്‍ധിത കാര്‍ഷിക ദൗത്യം എന്ന പേരില്‍ പ്രത്യേക പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. പദ്ധതി ഉടന്‍ നടപ്പാക്കും. ബജറ്റ് പ്രഖ്യാപനം വന്ന സ്ഥിതിക്ക് വേഗം നടപടികള്‍ പൂര്‍ത്തിയാക്കാനാകും - മന്ത്രി പറയുന്നു.
''ധാന്യങ്ങളല്ലാതെ പഴവര്‍ഗം, പച്ചക്കറികള്‍ തുടങ്ങിയ കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്ന് മൂല്യവര്‍ദ്ധിതമായ ഉത്പന്നങ്ങള്‍ നിര്‍മിക്കുകയാണ് ലക്ഷ്യം. അതില്‍ വൈനും വീര്യം കുറഞ്ഞ മദ്യവും ഉള്‍പ്പടെയുള്ളതെല്ലാം നമുക്ക് പരിശോധിക്കാനാകും. നമുക്ക് ഇതിനായി പ്രത്യേകനിയമഭേദഗതിയൊന്നും ആവശ്യമില്ല. 29 ശതമാനത്തിന് താഴെ മാത്രം മദ്യത്തിന്റെ അംശമുള്ള ഉത്പന്നങ്ങള്‍ സാധാരണ രീതിയില്‍ ഉത്പാദിപ്പിക്കാവുന്നതാണ്. വളരെ പെട്ടെന്ന് തന്നെ ഇക്കാര്യം നടപ്പാക്കാനാകും. ഇത് ഫലപ്രദമായി നടപ്പാക്കാനായാല്‍ അത് മരച്ചീനിക്കര്‍ഷകര്‍ക്ക് വലിയൊരു നേട്ടമാകും'', മന്ത്രി പറയുന്നു.
ഒരു കിലോ മരച്ചീനിയില്‍ നിന്ന് 250 മില്ലി ലിറ്ററോളം സ്പിരിറ്റുണ്ടാക്കാമെന്നും അതിന് 48 രൂപ മാത്രമാണ് ചെലവെന്നും തിരുവനന്തപുരത്തെ കേന്ദ്ര കിഴങ്ങുവിള ഗവേഷണ കേന്ദ്രത്തിലെ വിദഗ്ധര്‍ തന്നെ മുമ്പ് വ്യക്തമാക്കിയിരുന്നതാണ്. കേന്ദ്രത്തില്‍ നിന്ന് ഈ സാങ്കേതികവിദ്യക്ക് പേറ്റന്റ് കിട്ടിയിട്ടുണ്ട്. ആശുപത്രികളിലേക്ക് അടക്കം സ്പിരിറ്റ് ആവശ്യവുമുണ്ട്. 18 മുതല്‍ 22 ലക്ഷം വരെ മരച്ചീനിക്കര്‍ഷകര്‍ കേരളത്തിലുണ്ടെന്നാണ് കണക്ക്. 6.97 ലക്ഷം ഹെക്ടര്‍ കൃഷിഭൂമിയില്‍ മരച്ചീനി കൃഷി ചെയ്യുന്നു. ഒരു ഹെക്ടറില്‍ 8000 മൂട് മരച്ചീനി നടാം. മറ്റ് പ്രശ്‌നങ്ങളൊന്നുമുണ്ടായില്ലെങ്കില്‍ 35 മുതല്‍ 45 ടണ്‍ വരെ വിള ലഭിക്കുകയും ചെയ്യും.