പ്രതിഷേധങ്ങള്‍ അവഗണിച്ച് ഗവര്‍ണ്ണര്‍; ഞാന്‍ റബ്ബര്‍ സ്റ്റാ്മ്പ് അല്ല, ആരേയും ഭയമില്ല
 



തൊടുപുഴ: ഹര്‍ത്താലും കരിങ്കൊടി പ്രതിഷേധങ്ങള്‍ക്കും  ഇടയില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തൊടുപുഴയിലെത്തി. വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം കുടുംബ സുരക്ഷ പദ്ധതി ഉദ്ഘാടനത്തിനാണ് ഗവര്‍ണര്‍  എത്തിയത്.  ഭൂനിയമ ഭേദഗതി ബില്ലില്‍ മൂന്നുതവണ സര്‍ക്കാരിനോട് വിശദീകരണം തേടി കത്തയച്ചിട്ടും മറുപടി ലഭിച്ചില്ലെന്നും ചിലര്‍ സമ്മര്‍ദ്ദപ്പെടുത്തി കാര്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും താന്‍ റബ്ബര്‍ സ്റ്റാമ്പ് അല്ലെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. ഭൂ നിയമ ഭേദഗതി ബില്ലില്‍ ഒപ്പെടാത്ത ഗവര്‍ണര്‍ക്കെതിരെ ഇടുക്കിയിലെ ഇടതുമുന്നണി പ്രവര്‍ത്തകര്‍ രാജഭവനിലേക്ക് മാര്‍ച്ച് നടത്തുമ്പോഴാണ് ഗവര്‍ണര്‍ തൊടുപുഴയിലെത്തിയത്.


ഗവര്‍ണറുടെ നടപടിയോടുള്ള പ്രതിഷേധം ഹര്‍ത്താല്‍ പ്രഖ്യാപിച്ചാണ്  ഇടതുമുന്നണി പ്രകടിപ്പിച്ചത്. ഹര്‍ത്താലില്‍ കടകമ്പോളങ്ങളെല്ലാം അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. ഹര്‍ത്താല്‍ പൂര്‍ണമായിരുന്നു. ആലുവ ഗസ്റ്റ് ഹൗസില്‍ നിന്നും  11 മണിയോടെ തൊടുപുഴയിലെത്തിയ ഗവര്‍ണര്‍ക്ക് എതിരെ എഫ് എഫ് ഐ, ഡിവൈഎഫ്‌ഐ, യൂത്ത് ഫ്രണ്ട് എം പ്രവര്‍ത്തകര്‍ പ്രതിഷേധ ബാനറും  കരിങ്കൊടിയും
 വീശി. ജില്ലാ അതിര്‍ത്തി മുതല്‍ വിവിധ ഇടങ്ങളില്‍ പ്രതിഷേധം ഉണ്ടായിരുന്നു. ഹര്‍ത്താലിനിടെ ചടങ്ങിലെത്തിയ ഗവര്‍ണരുടേത് ധീരമായ നടപടി എന്ന് പറഞ്ഞാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ സ്വീകരിച്ചത്. മലയാളത്തില്‍ സംസാരിച്ചുകൊണ്ടാണ് ഗവര്‍ണര്‍ പ്രസംഗം ആരംഭിച്ചത്. താന്‍ റബ്ബര്‍ സ്റ്റാമ്പല്ലെന്നും കേരളത്തിലെ ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കുക കൂടിയാണ് തന്റെ കടമയെന്നും ഗവര്‍ണര്‍ പറഞ്ഞു. ചിലര്‍ സമ്മര്‍ദ്ദം ചെലുത്തി കാര്യങ്ങള്‍ നേടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു. 35ാം വയസില്‍ അഞ്ച് തവണയാണ് വധഭീഷണി നേരിട്ടത്. ഇതൊന്നുമല്ല. 1985, 1986,1987 എന്നീ വര്‍ഷങ്ങളിലെല്ലാം വധഭീഷണി നേരിട്ടിട്ടുണ്ട്.

1990ല്‍ ഇരുമ്പ് ദണ്ഡ് കൊണ്ട് ഒരിക്കല്‍ ആക്രമിച്ചു. തല വെട്ടിപൊളിച്ചിട്ടും തനിക്കൊന്നും സംഭവിച്ചില്ല. അപ്പോള്‍ പോലും പേടിച്ചിട്ടില്ല. പിന്നെന്തിനാണ് 72 വയസില്‍ പേടിക്കുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു. ഞാനൊരു പൊതു സേവകനാണ്. എന്റെ നിലപാടില്‍ വിട്ടുവീഴ്ചയില്ല. ഏത് രാഷ്ട്രീയത്തില്‍ നിന്നുള്ള ഏത് വ്യക്തി എതിര്‍ത്താലും എന്റെ കടമ നിര്‍വഹിക്കും. ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് പോയ ഗവര്‍ണര്‍ കാറില്‍നിന്ന് റോഡിലേക്കിറങ്ങി ജനങ്ങളെ അഭിവാദ്യം ചെയ്തു. കുട്ടികള്‍ക്കൊപ്പം ഫോട്ടോയുമെടുത്തു. പരിപാടി കഴിഞ്ഞു മടങ്ങുന്നതിനിടയിലും ഗവര്‍ണര്‍ക്കെതിരെ വിവിധ ഇടങ്ങളില്‍ പ്രതിഷേധങ്ങള്‍ ഉണ്ടായി.ഗവര്‍ണറുടെ ധീരമായ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് കേരള വ്യാപാര വ്യവസായ ഏകോപന സമിതി ഇടുക്കി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിളി പറഞ്ഞു. 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media