ഭര്‍തൃവീട്ടില്‍ മോഫിയ ക്രൂര പീഡനത്തിന്
ഇരയായെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്
കൊച്ചി: മോഫിയ പര്‍വീന്‍ ഭത്താവിന്റെ വീട്ടില്‍ ക്രൂര പീഡത്തിന് ഇരയായെന്ന് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. ഭര്‍തൃ മാതാവ് സ്ഥിരമായി ഉപദ്രവിച്ചെന്നും മോഫിയയുടേ ശരീരത്തില്‍ പല തവണ മുറിവേല്‍പ്പിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്. പെണ്‍കുട്ടിയെ മാനസിക രോഗിയായി മുദ്രകുത്താന്‍ ശ്രമം നടന്നു. സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായി മര്‍ദിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.അതേസമയം മോഫിയയുടെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മോഫിയയുടെ മാതാപിതാക്കളുമായി ഫോണില്‍ സംസാരിച്ച മുഖ്യമന്ത്രി നീതി ഉറപ്പാക്കുമെന്ന് വാഗ്ദാനം ചെയ്തു. മന്ത്രി പി രാജീവ് മോഫിയയുടെ വീട്ടിലെത്തിയപ്പോഴാണ് മുഖ്യമന്ത്രി മാതാപിതാക്കളുമായി ഫോണില്‍ സംസാരിച്ചത്. സിഐ സുധീറിനെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് മോഫിയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
കുറ്റക്കാരെ സംരക്ഷിക്കുന്ന നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. സര്‍ക്കാര്‍ നീതി ഉറപ്പാക്കും, വകുപ്പ് തല അന്വേഷണം പുരോഗമിക്കുകയാണെന്നും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തുടര്‍നടപടി ഉണ്ടാകുമെന്നാണ് മന്ത്രി ഉറപ്പ് നല്‍കി.