കൊല്ലപ്പെട്ടവരുടെ എണ്ണം 100 കടന്നു; ഗാസ അതിര്‍ത്തിയില്‍ സൈനിക വിന്യാസം ശക്തമാക്കി ഇസ്രയേല്‍
ഇസ്രേയല്‍-പലസ്തീന്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 100 കടന്നു. ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക റിപ്പോര്‍ട്ടുകളില്‍ മരണം 109 ആയി സ്ഥിരീകരിച്ചു. ഇതില്‍ 28 പേര്‍ കുട്ടികളാണ്. ഏഴ് ഇസ്രയേലി പൗരന്‍മാരും കൊല്ലപ്പെട്ടിട്ടുണ്ട്.
വ്യോമസേനയും കരസേനയും അക്രമണം തുടങ്ങിയതായി ഇസ്രയേല്‍ സൈന്യം അറിയിച്ചു. 7000ത്തോളം ഇസ്രയേലി സൈന്യവും അതിര്‍ത്തിയില്‍ തമ്പടിച്ചിട്ടുണ്ട്. ഇതോടെ മേഖല യുദ്ധസമാനമായി മാറി. 2014-നുശേഷം ഇസ്രയേലും പലസ്തീനും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഇത്രയും രൂക്ഷമാകുന്നത് ഇതാദ്യമാണ്.
കഴിഞ്ഞ ആഴ്ച ജറുസലേമിലെ അല്‍ അക്‌സ പള്ളി വളപ്പിലുണ്ടായ സംഘര്‍ഷമാണ് ഇപ്പോള്‍ യുദ്ധസമാനമായ സാഹചര്യത്തിലേക്ക് മാറിയത്.കടുത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. എന്നാല്‍, ആക്രമണത്തിനു മുതിര്‍ന്നാല്‍ പ്രതിരോധിക്കാന്‍ തയ്യാറാണെന്ന് ഹമാസ് നേതാവ് ഇസ്മായില്‍ ഹാനിയെ പ്രതികരിച്ചു.
ഇസ്രയേലിലെ അഷ്‌കലോണില്‍ ഹമാസിന്റെ റോക്കാറ്റാക്രമണത്തില്‍ മലയാളിയായ സൗമ്യയും കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. 580 പേര്‍ക്ക് പരിക്കേറ്റതായും ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഏറ്റുമുട്ടല്‍ തുടങ്ങി നാല് ദിവസത്തിനിടയിലെ കണക്കാണിത്.