തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷ്, സി പി എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ദിവ്യ എസ് അയ്യര്‍ നടത്തിയ പുകഴ്ത്തല്‍ സര്‍വീസ് ചട്ട ലംഘനമെന്ന് ചൂണ്ടികാട്ടി യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കി. കെ കെ രാഗേഷിനെ പുകഴ്ത്തിയ പോസ്റ്റ്, ദിവ്യ എസ് അയ്യരുടെ സര്‍വീസ് ചട്ടം ലംഘനമാണെന്നും വിഷയത്തില്‍ നടപടി വേണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനാണ് പരാതി നല്‍കിയത്. ചീഫ് സെക്രട്ടറിക്കും കേന്ദ്ര പൊതുജന പരാതി പരിഹാര ഡയറക്ടര്‍ക്കുമാണ് പരാതി നല്‍കിയിരിക്കുന്നത്. ഐ എ എസ് ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാകേണ്ട രാഷ്ട്രീയ നിഷ്പക്ഷതക്ക് എതിരാണ് പോസ്റ്റ് എന്ന് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹന്റെ പരാതിയില്‍ ചൂണ്ടികാട്ടിയിട്ടുണ്ട്.
അതേസമയം ദിവ്യയുടെ പുകഴ്ത്തല്‍ രാഷ്ട്രീയ ലാഭത്തിനു വേണ്ടിയെന്ന് കണ്ണൂരില്‍ മാധ്യമങ്ങളെ കണ്ട വിജില്‍ മോഹന്‍ അഭിപ്രായപ്പെട്ടു. വാക്കുകൊണ്ട് ഷൂ ലേസ് കെട്ടിക്കൊടുക്കുകയാണ് ദിവ്യ ചെയ്തതെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പറഞ്ഞു. പ്രൊഫഷണല്‍ അഭിപ്രായം എങ്കില്‍ എന്തിനാണ് കമ്യൂണിസ്റ്റ് വിപ്ലവ ഗാനം പശ്ചാത്തലമാക്കിയതെന്നും വിജില്‍ മോഹന്‍ ചോദിച്ചു. തികച്ചും രാഷ്ട്രീയമായ അഭിപ്രായമാണ് ദിവ്യ നടത്തിയതെന്നും, ഐ എ എസ് പദവി രാജിവച്ച് സി പി എം പ്രവര്‍ത്തകയായ ശേഷം വേണം ഇങ്ങനെ പറയാനെന്നും വിജില്‍ കൂട്ടിച്ചേര്‍ത്തു. അങ്ങനെയെങ്കില്‍ ദിവ്യക്കെതിരെ തങ്ങള്‍ക്ക് ഒന്നും പറയേണ്ട കാര്യമുണ്ടാകുമായിരുന്നില്ലെന്നും വിജില്‍ വിവരിച്ചു.
അതിനിടെ ദിവ്യ എസ് അയ്യര്‍ നടത്തിയ അഭിനന്ദനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരിച്ച് മുതിര്‍ന്ന സി പി എം നേതാവ് എ കെ ബാലന്‍ രംഗത്തെത്തിയിരുന്നു. ദിവ്യക്കെതിരായ സൈബര്‍ ആക്രമണത്തെ ശക്തമായി അപലപിച്ച ബാലന്‍, അവര്‍ ബ്യൂറോക്രസിയിലെ ഉണ്ണിയാര്‍ച്ചയെന്നും വിശേഷിപ്പിച്ചു. വളരെ വളരെ മോശമായ നിലയില്‍ ദിവ്യയെ ചിത്രീകരിച്ചുള്ള ആക്രമണമാണ് സൈബറിടത്ത് കോണ്‍ഗ്രസ് നടത്തുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.