സംസ്ഥാനത്ത് വാക്‌സിന്‍ എടുക്കാനുള്ളത് 1707 അധ്യാപകര്‍; കണക്കുകള്‍ പുറത്ത്: അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി
തിരുവനന്തപുരം: കൊവിഡ് വാക്‌സിന്‍ സ്വീകരിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. പട്ടികയില്‍ ഉള്‍പ്പെട്ട അധ്യാപകര്‍ക്ക് ഷോകോസ് നോട്ടിസ് അയച്ചെന്ന് മന്ത്രി പറഞ്ഞു. 1707 അധ്യാപകര്‍-അനധ്യാപകര്‍ വാക്‌സിന്‍ എടുത്തിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു. എല്‍പി , യുപി വിഭാഗങ്ങളില്‍ 1066 പേരാണ് വാക്‌സിന്‍ എടുക്കാനുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
ഏറ്റവും കൂടുതല്‍ അധ്യാപകര്‍ വാക്‌സിനെടുക്കാനുള്ളത് മലപ്പുറം ജില്ലയിലാണ്. 184 അധ്യാപകരാണ് ജില്ലയില്‍ വാക്‌സിന്‍ എടുക്കാനുള്ളത്. തിരുവനന്തപുരം -87, കൊല്ലം-67, പത്തനംതിട്ട-40,ആലപ്പുഴ - 77,കോട്ടയം-61,ഇടുക്കി-36, എറണാകുളം-89, തൃശൂര്‍-103, പാലക്കാട്-54, കോഴിക്കോട്-136, കണ്ണൂര്‍-75, കാസര്‍ഗോഡ്- 32 എന്നിങ്ങനെയാണ് കണക്കുകള്‍. ഏറ്റവും കുറവ് അധ്യാപകര്‍ വാക്‌സിന്‍ എടുക്കാനുള്ളത് വായനാട്ടിലാണ് (25).
കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ സര്‍ട്ടിഫിക്കറ്റ് ഹാരാജരാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു. വാക്‌സിനെടുക്കാത്തവര്‍ ഓരോ ആഴ്ചയും നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ എടുക്കണം. ആരോഗ്യപ്രശ്നം ഇല്ലാത്ത അധ്യാപകരുടെ കണക്കുകള്‍ ഇപ്പോള്‍ പുറത്തുവിടുന്നില്ല. അധ്യാപകരുടെ പേരുവിവരം പുറത്തുവിടുമെന്ന് പറഞ്ഞിട്ടില്ലെന്നും ആരെയും ആക്ഷേപിക്കാനില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.