മര്‍ദ്ദമേറ്റോയെന്ന് ഓര്‍മ്മയില്ലെന്ന് ട്രെയിനില്‍ പോലീസിന്റെ ചവിട്ടേറ്റ പൊന്നന്‍ഷമീര്‍: മദ്യപിച്ചിരുന്നെന്നും വെളിപ്പെടുത്തല്‍
കോഴിക്കോട്: മാവേലി എക്‌സ്പ്രസില്‍ എഎസ്‌ഐ മര്‍ദിച്ച പൊന്നന്‍ ഷമീറിനെ കണ്ണൂരിലെത്തിച്ചു. ട്രെയിനില്‍ വച്ച് പൊലീസ് മര്‍ദിച്ചിരുന്നോയെന്ന് ഓര്‍മ്മയില്ലെന്ന് ഷമീര്‍, മദ്യപിച്ചാണ് ട്രെയനില്‍ കയറിയതെന്നും ഷമീര്‍ പറഞ്ഞു. ടിക്കറ്റ് എടുത്തിരുന്നു. എന്നാലത് ജനറല്‍ ടിക്കറ്റാണോയെന്ന് ഓര്‍മ്മയില്ല. പൊലീസ് വടകര ഇറക്കിവിട്ടതോടെ അന്ന് അവിടെ തങ്ങി പിറ്റേദിവസം മറ്റൊരു ട്രെയിന്‍ കയറി കോഴിക്കോട് ഇറങ്ങുകയായിരുന്നു. ക്രിമിനല്‍ പശ്ചാത്തലമുള്ള ഷമീറിനെതിരെ നിലവില്‍ വാറണ്ടുകളൊന്നുമില്ലാത്തതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തില്ല.
ഷമീറിന്റെ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെ കൂത്തുപറമ്പുള്ള വീട്ടിലെത്തിക്കും. കഴിഞ്ഞ രണ്ട് ദിവസമായുള്ള അന്വേഷണത്തിന് പിന്നാലെ ഇന്ന് രാവിലെ കോഴിക്കോട് ലിങ്ക് റോഡില്‍ വെച്ചാണ് ഷമീറിനെ കണ്ടെത്തിയത്. കൂത്തുപറമ്പ് നിര്‍മ്മലഗിരി സ്വദേശി പൊന്നന്‍ ഷമീറിനാണ് മര്‍ദ്ദനമേറ്റതെന്ന് റെയില്‍വേ പൊലീസാണ് തിരിച്ചറിഞ്ഞത്. മോഷണക്കേസില്‍ ശിക്ഷിക്കപ്പെട്ട ഇയാള്‍ രണ്ട് അടിപിടി കേസുകളിലും ഉള്‍പെട്ടിട്ടുണ്ട്.
പത്രത്തില്‍ ഇയാളുടെ ഫോട്ടോ കണ്ട ബന്ധുവാണ് കണ്ണൂര്‍ റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണ് ഷമീറെന്ന് വ്യക്തമായി.