വിധി ഞെട്ടിക്കുന്നത് , ആശങ്കാജനകം:  വനിതാ കമ്മീഷന്‍
 



കോഴിക്കോട്: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന   കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ കോടതി വിധി ഞെട്ടിക്കുന്നതെന്ന് ദേശീയ വനിതാ കമ്മീഷന്‍. പ്രോസിക്യൂഷന്‍  അപ്പീലുമായി മുന്നോട്ട് പോകണമെന്നും കമ്മീഷന്‍ ഒപ്പമുണ്ടാകുമെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ പ്രതികരിച്ചു. 

വിധി ആശങ്കാജനകമാണെന്ന് സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവിയും പ്രതികരിച്ചു. പ്രതിക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിച്ചില്ലെന്നാണ് സതീദേവിയുടെ ആദ്യ പ്രതികരണം. ബലാത്സംഗ ക്കേസുകളിലടക്കം പരാതിപ്പെടുന്ന സ്ത്രീകളുടെ പരിരക്ഷ ഉറപ്പു വരുത്താന്‍ കഴിയണം.  കന്യാസ്ത്രീയുടെ കേസില്‍ പൊലീസ് നല്ല ജാഗ്രതയോടെ ഇടപ്പെട്ടിരുന്നു. തെളിവുകള്‍ കോടതിയിലെത്തിക്കാന്‍ അന്വേഷണ സംഘത്തിന് സാധിച്ചു. 

പരാതിപ്പെടുന്നവര്‍ക്ക് നീതി ലഭിക്കുന്നുവെന്ന് ഉറുപ്പു വരുത്തേണ്ടതുണ്ടെന്നും ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ വിധി പഠിച്ചതിന് ശേഷമേ പ്രോസിക്യൂഷന് വീഴ്ച പറ്റിയോ എന്ന് പറയാനാകൂവെന്നും അവര്‍ വിശദീകരിച്ചു. കേസില്‍ പ്രൊസിക്യുഷനും പൊലീസും അപ്പീല്‍ നല്‍കാനുള്ള നടപടി കാര്യക്ഷമമാക്കണമെന്നും സതീദേവി ആവശ്യപ്പെട്ടു.


ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കേസില്‍ ജുഡീഷ്യറിയില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് ഇരായായ കന്യാസ്ത്രീക്ക് വേണ്ടി പോരാടിയ കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ പറഞ്ഞു. ഞങ്ങടെ സിസ്റ്റര്‍ക്ക് നീതി കിട്ടുവരെ പോരാട്ടം തുടരുമെന്നും വിധിക്കെതിരെ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകുമെന്നും സിസ്റ്റര്‍ അനുപമ അടക്കമുള്ളവര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇരക്ക് വേണ്ടി പോരാടിയ സിസ്റ്റര്‍ അനുപമയടക്കമുള്ള കന്യാസ്ത്രീകള്‍ വിതുമ്പിക്കൊണ്ടാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ ഇന്നത്തെ കോടതി വിധിയില്‍ വിശ്വസിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.


'പണത്തിന്റെ സ്വാധീനത്തിന്റെയും ഫലമാണ് വിധി. പണവും സ്വാധീനവുമുള്ളവര്‍ക്ക് എല്ലാം നടക്കുമെന്നതാണ് വിധിയില്‍ നിന്ന് മനസിലാകുന്നത്. ഫ്രാങ്കോ മുളക്കലിന് പണവും സ്വാധീനിക്കാനാളുമുണ്ട്. പൊലീസും പ്രോസിക്യൂഷനും ഞങ്ങള്‍ക്ക് ഒപ്പം നിന്നെങ്കിലും കോടതിയില്‍ നിന്നും നീതി ലഭിച്ചില്ല. അന്വേഷണ സംഘത്തില്‍ ഇന്നും ഞങ്ങള്‍ക്ക് വിശ്വാസമുണ്ട്. എവിടെയാണ് കേസ് അട്ടിമറിക്കപ്പെട്ടതെന്ന് അറിയില്ല. കേസില്‍ തീര്‍ച്ചയായും അപ്പീല്‍ പോകുമെന്നും മഠത്തില്‍ നിന്ന് തന്നെ പോരാട്ടം തുടരും കന്യാസ്ത്രീകള്‍ ആവര്‍ത്തിച്ചു. സഭക്കുള്ളില്‍ നിന്നും പിന്തുണയില്ലെങ്കിലും പുറത്ത് നിന്നും ജനപിന്തുണയുണ്ട്. ഇതുവരെ പോരാട്ടത്തില്‍ തങ്ങള്‍ക്കൊപ്പം നിന്നവര്‍ക്ക്  നന്ദിയറിയിച്ച സിസ്റ്റര്‍ അനുപമ വിതുമ്പിക്കൊണ്ടാണ് സംസാരിച്ചത്. 


 

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media