ഈട് നല്‍കേണ്ട; ടൂറിസം മേഖലയില്‍
ജീവനക്കാര്‍ക്ക് 10,000 രൂപ പലിശ രഹിത വായ്പ
എങ്ങനെ അപേക്ഷിക്കാം
കോഴിക്കോട്: കോവിഡ് പ്രതിസന്ധി അതിജീവിക്കുന്നതിന് ടൂറിസം മേഖലയിലെ ജീവനക്കാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ റിവോള്‍വിംഗ് ഫണ്ടിന് അപേക്ഷിക്കാനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ അപേക്ഷിക്കാം. ടൂറിസം മേഖലയില്‍ തൊഴിലെടുക്കുന്നവര്‍ക്ക് 10,000 രൂപ വരെ പലിശ ഇല്ലാതെ വായ്പ നല്‍കുന്നതാണ് പദ്ധതി.
ഇന്ത്യയില്‍ മറ്റൊരു സംസ്ഥാനത്തും ഈ മാതൃകയില്‍ ഒരു റിവോള്‍വിംഗ് ഫണ്ട് പദ്ധതി പ്രഖ്യാപിച്ചിട്ടില്ല എന്നാണ് സൂചന. സംസ്ഥാനത്തുടനീളം ആയിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നല്‍കുന്ന ടൂറിസം വ്യവസായത്തെ കോവിഡ് പ്രതിസന്ധിയില്‍ നിന്ന് പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികളുടെ ഭാഗമായിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ റിവോള്‍വിംഗ് ഫണ്ട് രൂപീകരിച്ചത്. സ്‌കീമിന് കീഴില്‍ ഗുണഭോക്താക്കള്‍ക്ക് ഈട് നല്‍കാതെ 10,000 രൂപ വരെ വായ്പ ലഭിക്കും. ഒരു വര്‍ഷത്തെ മൊറട്ടോറിയം കാലാവധി കഴിഞ്ഞ് രണ്ട് വര്‍ഷത്തിനകം വായ്പ തിരിച്ചടയ്ക്കണം.
താല്‍പ്പര്യമുള്ളവര്‍ പേര്, ഇമെയില്‍ ഐഡി, വിലാസം, ഫോണ്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, ലോഗിന്‍ വിശദാംശങ്ങള്‍ എന്നിവ ഉള്‍പ്പെടെ ആവശ്യമായ വിവരങ്ങള്‍ നല്‍കി www.keralatourism.org/revolving-fund എന്ന പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കണം.
ഗുണഭോക്താക്കള്‍ കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയുടെയോ ടൂറിസവുമായി ബന്ധപ്പെട്ട മറ്റേതെങ്കിലും അംഗീകൃത സംഘടനയുടെയോ അംഗത്വമുള്ള സ്ഥാപനത്തിലായിരിക്കണം ജോലി ചെയ്യേണ്ടത്. ജീവനക്കാര്‍ എടുത്ത വായ്പകള്‍ തിരിച്ചടയ്ക്കുമെന്ന് ഈ സ്ഥാപനം ഉറപ്പാക്കും. ഇതുമായി ബന്ധപ്പെട്ട് കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി ഉള്‍പ്പെടെയുള്ള അഞ്ചോളം സന്നദ്ധ സംഘടനകള്‍ അടുത്തിടെ ടൂറിസം വകുപ്പുമായി കരാറില്‍ ഏര്‍പ്പെട്ടിരുന്നു.
ട്രാവല്‍ ഏജന്‍സികള്‍, ടൂറിസ്റ്റ് ടാക്‌സി സര്‍വീസുകള്‍, ഹൗസ്‌ബോട്ടുകള്‍, ഷിക്കാര ബോട്ടുകള്‍, ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, റസ്റ്റോറന്റുകള്‍, സര്‍വീസ് വില്ലകള്‍, ടൂറിസ്റ്റ് ഫാമുകള്‍, ആയൂര്‍വേദ സ്പാകള്‍, അഡ്വഞ്ചര്‍ ടൂറിസം സംരംഭങ്ങള്‍, ഉത്തരവാദിത്ത ടൂറിസം മിഷന്റെ കീഴിലുള്ള മൈക്രോ യൂണിറ്റുകള്‍, ലൈസന്‍സുള്ള ടൂര്‍ ഗൈഡുമാര്‍, കലാ, ആയോധന കലാ സംഘങ്ങള്‍ തുടങ്ങി ടൂറിസം മേഖലയുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നവരെ സഹായിക്കുന്നതിനാണ് റിവോള്‍വിംഗ് ഫണ്ടിലൂടെ ലക്ഷ്യമിടുന്നത്.
അപേക്ഷകള്‍ പരിശോധിക്കുന്നതിനും വായ്പ അനുവദിക്കുന്നതിനുമായി ടൂറിസം ഡയറക്ടര്‍ ചെയര്‍മാനും ഉത്തരവാദിത്ത ടൂറിസം മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കണ്‍വീനറുമായി ടൂറിസം മേഖലയിലെ വ്യാപാര സംഘടനകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പാനലിന് സംസ്ഥാന സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്.