കൊച്ചി: ലഹരി മരുന്ന് ഉപയോഗിക്കുന്ന സിനിമ താരങ്ങളെയെല്ലാം പൊലീസിന് അറിയാമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കെ സേതുരാമന്‍. ഇവര്‍ ലഹരിമരുന്ന് കൈവശം വെക്കുമ്പോഴോ ഉപയോഗിക്കുന്ന സമയത്തോ മാത്രമേ പിടികൂടാനാകൂവെന്നതാണ് പരിമിതി. സഹായികളാണ് ഇവര്‍ക്ക് ലഹരിമരുന്ന് എത്തിച്ചുനല്‍കുന്നത്. ഈ താരങ്ങളുടെ പിന്നാലെ പൊലീസ് ഉണ്ടെന്നും ഇന്നല്ലെങ്കില്‍ നാളെ ഇവര്‍ പിടിയിലാകുമെന്നും കമ്മീഷണര്‍ പറഞ്ഞു. മയക്കുമരുന്ന് ഏത് സ്ഥലത്ത് വെച്ച് ഉപയോഗിച്ചാലും കുറ്റകരമാണ്. അതിനാല്‍ സിനിമാ സെറ്റില്‍ പരിശോധന നടത്താന്‍ തടസമില്ല. കേരളത്തിലെ ലോകമറിയുന്ന കലാകാരന്മാര്‍ ആരും മയക്കുമരുന്ന് ഉപയോഗിച്ചല്ല താരങ്ങളായത്. അവരില്‍ പലരും തങ്ങളെ സഹായിക്കുന്നുണ്ട്. ടിനി ടോം മകന്റെ കാര്യം പറഞ്ഞത് സങ്കടകരമാണ്. കൊച്ചിയിലെ സിനിമാ സെറ്റുകളില്‍ ഷാഡോ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ ഉപയോഗം കുറഞ്ഞിട്ടുണ്ടെന്നും കമ്മീഷണര്‍ വ്യക്തമാക്കി.