കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയത് സിപിഎം മറച്ചുവെച്ചെന്ന് ആരോപിക്കപ്പെടുന്ന കരുവന്നൂര്‍ ബാങ്കിലെ 5 അക്കൗണ്ട് വിവരങ്ങള്‍. പുറത്തിശ്ശേരി നോര്‍ത്ത് , സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ പേരിലുള്ളതാണ് അക്കൗണ്ടുകള്‍. ലോക്കല്‍ കമ്മിറ്റികള്‍ക്ക് അക്കൗണ്ട് ഉണ്ടാകാമെന്നും ഏരിയാ കമ്മിറ്റികള്‍ വരെയുള്ള വിവരം തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ടെന്നുമാണ് സിപിഎം വിശദീകരണം. കേസില്‍ എംകെ കണ്ണന്‍, എസി മൊയ്തീന്‍ അടക്കമുള്ള ഉന്നത നേതാക്കള്‍ക്കും ഇഡി നോട്ടീസ് നല്‍കും
ജനപ്രാതിനിധ്യ നിയമപ്രകാരവും, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടപ്രകാരവും രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ അക്കൗണ്ട് വിവരങ്ങള്‍ ഓഡിറ്റ് നടത്തി അതിന്റെ വിവരങ്ങള്‍ ആദായ നികുതി വകുപ്പിനും തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കേണ്ടതുണ്ട്. കരുവന്നൂര്‍ ബാങ്കില്‍ ക്രമക്കേട് നടന്ന കാലയളവില്‍ സിപിഎം പുറത്തിശ്ശേരി നോര്‍ത്ത്, സൗത്ത് ലോക്കല്‍ കമ്മിറ്റികളുടെ പേരില്‍ 5 അക്കൗണ്ടുകളുണ്ട്. എന്നാല്‍ ഉന്നത നേതാക്കളടക്കം ഓപ്പറേറ്റ് ചെയ്ത് ഈ അക്കൗണ്ടുകളുടെ വിവരം തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നില്ല. കരുവന്നൂര്‍ കേസില്‍ ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരായപ്പോഴും അക്കൗണ്ട് വിവരം സിപിഎം നേതാക്കള്‍ മറച്ചു വെച്ചുവെന്നാണ് ഇഡി പറയുന്നത്. രഹസ്യമായി സൂക്ഷിച്ച അക്കൗണ്ടിലെ പണമിടപാട് പുറത്ത് വരാതിരിക്കാനാണ് ഈ നടപടിയെന്നും ഇതിന്റെ വിവരങ്ങളാണ് കൈമാറിയിട്ടുള്ളതെന്നും ഇഡി വിശദീകരിക്കുന്നു.
എംഎം വര്‍ഗീസ് ,എസി മൊയ്തീന്‍,എംകെ കണ്ണന്‍ അടക്കം തൃശ്ശൂര്‍ ജില്ലായിലെ ഉന്നത് സിപിഎം നേതാക്കള്‍ക്ക് എല്ലാ അക്കൗണ്ടുകളുടെയും വിവരം അറിയാമെന്നും നേതാക്കളില്‍ നിന്ന് ഈ വിവരങ്ങള്‍ തേടേണ്ടതുണ്ടെന്നുമാണ് ഇഡി വിശദീകരിക്കുന്നത്. കെവൈസി അടക്കം ഇല്ലാതെ അക്കൗണ്ട് തുറന്നത് എങ്ങനെ എന്നും ഇഡി ചോദിക്കുന്നു. വാര്‍ഷിക ഓഡിറ്റിംഗില്‍ കരുവന്നൂരിലെ എല്ലാ ക്രമക്കേടും കണ്ടെത്തിയിട്ടും അത് മൂടിവെച്ച സഹകരണ റജിസ്ട്രാര്‍ക്കും ഇതില്‍ പങ്കുണ്ടെന്നാണ് ഇഡി വിശദീകരിക്കുന്നത്.10 വര്‍ഷത്തിനിടെ ചുമതലയിലുണ്ടായിരുന്ന എല്ലാ സഹകരണ ഉദ്യോഗസ്ഥരെയും രണ്ടാം ഘട്ട കുറ്റപത്രത്തില്‍ പ്രതികളാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് ഇഡി നീക്കം.