മൂല്യം 2,745 കോടിയായി ഉയര്‍ന്നു; യൂണികോണ്‍ ക്ലബില്‍ ഇടംപിടിച്ച് ഭാരത് പേ
മൂല്യം കുതിച്ചതോടെ വന്‍കിട സ്റ്റാര്‍ട്ടപ്പുകളില്‍ ഉള്‍പ്പെടുന്ന യുണികോണില്‍ മര്‍ച്ചന്റ് പേയ്മെന്റ് സേവനദാതാക്കളായ ഭാരത് പേ ഇടംപിടിച്ചു. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ ആഗോള നിക്ഷേപ സ്ഥാപനമായ ടൈഗര്‍ ഗ്ലോബലില്‍നിന്ന് ഉള്‍പ്പടെ 2745 കോടി രൂപ (370 മില്യണ്‍ ഡോളര്‍)സമാഹരിച്ചാണ് കമ്പനിയുടെ മൂല്യം ഉയര്‍ന്നത്.
ഡ്രാഗണീര്‍ ഇന്‍വെസ്റ്റുമെന്റ് ഗ്രൂപ്പ്, സ്റ്റെഡ്ഫാസ്റ്റ് ക്യാപിറ്റല്‍ തുടങ്ങിയ നിക്ഷേപകരും പുതിയതായി നിക്ഷേപം നടത്തി. ടൈഗര്‍ ഗ്ലോബല്‍ 100 മില്യണ്‍ ഡോളറും ഡ്രാഗണീര്‍, സ്റ്റെഡ്ഫോഡ് എന്നിവര്‍ 25 മില്യണ്‍ ഡോളര്‍ വീതവുമാണ് നിക്ഷേപം നടത്തിയത്.
ആറ് മാസത്തിനുള്ളില്‍ ഭാരത്പേയുടെ മൂല്യം മൂന്നിരട്ടി വര്‍ധിച്ച് 2,1127 കോടി (2.85 ബില്യണ്‍ ഡോളര്‍)യായി. ഈവര്‍ഷം ഫെബ്രവരിയില്‍ കമ്പനി 108 മില്യണ്‍ ഡോളര്‍ സമാഹരിച്ചതോടെ മൂല്യം 900 മില്യണായി ഉയര്‍ന്നിരുന്നു.
സെക്വേയ ക്യാപിറ്റല്‍, ഇന്‍സൈറ്റ് പാര്‍ടണേഴ്സ്, കോട്ട്യു മാനേജുമെന്റ്, ആംപ്ലോ, റിബ്ബിറ്റി ക്യാപിറ്റല്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ നേരത്തെ തന്നെ 200 മില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. നിലവില്‍ കമ്പനിയുടെ സിഇഒ പദവി വഹിക്കുന്നത് കമ്പനിയിലെ ഗ്രൂപ്പ് പ്രസിഡന്റായിരുന്ന സുഹെയില്‍ സമീറാണ്. സഹസ്ഥാപകനായ അഷ്നീര്‍ ഗ്രോവര്‍ കമ്പനിയുടെ മാനേജിങ് ഡയറക്ടറായി ഉടന്‍ ചുമതല ഏറ്റെടുക്കും.