ലഖിംപൂര്‍ ഖേരി അക്രമം; രാജ്യവ്യാപക പ്രതിഷേധവുമായി കര്‍ഷകര്‍
ദില്ലി: ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധമിരമ്പുന്നു. കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മൃതദ്ദേഹവുമായി കര്‍ഷകര്‍ റോഡ് ഉപരോധിക്കുകയാണ്. ദില്ലി യുപി ഭവന്റെ മുന്നിലേക്ക് കര്‍ഷകസംഘടനകള്‍ മാര്‍ച്ച് പ്രഖ്യാപിച്ചു. 11 മണിക്കാണ് പ്രതിഷേധ മാര്‍ച്ച് നടക്കുക. പ്രദേശത്തെ വന്‍ പൊലീസ് സന്നാഹമുണ്ട്.
അതിനിടെ കര്‍ഷകര്‍ക്ക് കൂടുതല്‍ നേതാക്കള്‍ ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ട കര്‍ഷകരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാനായി ലഖിംപൂര്‍ ഖേരിയിലേക്ക് പോയ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ യുപി പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി ലഖ്‌നൌവില്‍ പ്രിയങ്കയെ യുപി പൊലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് നടന്ന് ലഖിംപൂര്‍ഖേരിയിലേക്ക് നടന്ന് പോകാനായിരുന്നു പ്രിയങ്കയുടെ നീക്കം. പിന്നാലെയാണ് പ്രിയങ്ക അറസ്റ്റ് ചെയ്യപ്പെട്ടത്. പ്രിയങ്കയെ സീതാപൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയതായാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.
സ്ഥലത്തേക്ക് എത്തുമെന്ന് കരുതിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഭൂപേഷ് ബാഗലിന്റെ വിമാനത്തിന് ലക്‌നൗവില്‍ ഇറങ്ങാന്‍ അനുമതി നല്‍കിയില്ല. കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച യുപി മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും ബിഎസ്പി നേതാക്കളെയും വീടിന് പുറത്തിറങ്ങാന്‍ പൊലീസ് അനുവദിക്കുന്നില്ല.
സ്ഥിതി മെച്ചപ്പെടാതെ നേതാക്കളെ ലഖിംപുര്‍ ഖേരിയില്‍ എത്താന്‍ അനുവദിക്കില്ലന്നാണ് യുപി പൊലീസ് നിലപാട്.
ലഖിംപൂര്‍ ഖേരിയില്‍ മന്ത്രിമാര്‍ക്കെതിരെ നടന്ന പ്രതിഷേധത്തിലേക്ക് വാഹനം ഓടിച്ച് കയറ്റി നാല് കര്‍ഷകര്‍ ഉള്‍പ്പെടെ 8 പേരെയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകന്‍ ആശിഷ് മിശ്രയ്ക്കും 14 പേര്‍ക്കുമെതിരെ കേസെടുത്തു. കൊലപാതകം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവം നിര്‍ഭാഗ്യകരമായെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതികരിച്ചു.