കോഴിക്കോട്: മഴക്കെടുതിയില്‍ സംസ്ഥാനത്ത് ഇന്ന് മൂന്നു മരണം കൂടി. ചങ്ങനാശേരി തൃക്കൊടിത്താനത്ത് ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ചങ്ങനാശേരി തൃക്കൊടിത്താനം മണികണ്ഠ വയല്‍ സ്വദേശി ആദിത്യ ബിജുവാണ് മരിച്ചത്. വൈകിട്ട് മുന്നരയോടെയാണ് ദാരുണ സംഭവമുണ്ടായത്. ക്ഷേത്രക്കുളത്തില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോഴായിരുന്നു അപകടമുണ്ടായത്. തിരുവനന്തപുരം ആര്യനാട് കുളത്തില്‍ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. മലയടി നിരപ്പില്‍ വീട്ടില്‍ അക്ഷയ് ആണ് മരിച്ചത്. പാറശ്ശാലയില്‍ വീടിന് മുകളില്‍ വീണ മരക്കൊമ്പ് വെട്ടിമാറ്റുന്നതിനിടയില്‍ കാല്‍ വഴുതിവീണ് ഗൃഹനാഥന്‍ മരിച്ചു. ചെറുവാരകോണം ബ്രൈറ്റ് നിവാസില്‍ ചന്ദ്രനാണ് മരിച്ചത്.
ഒരാഴ്ചക്കിടെ സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം പതിനൊന്നായി. കോഴിക്കോട് ജില്ലയില്‍ ഇന്നലെ കാണാതായ രണ്ടു പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. അപ്പര്‍കുട്ടനാട്ടിലും എറണാകുളത്തും നൂറുകണക്കിന് വീടുകള്‍ ഇപ്പോഴും വെള്ളത്തിലാണ്. കാലവര്‍ഷത്തില്‍ ഭാഗികമായി തകര്‍ന്ന വീടുകളുടെ എണ്ണം 150 ആയി. വിവിധ ജില്ലകളില്‍ ആയി 651 കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ആണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ചില താഴ്ന്ന പ്രദേശങ്ങളില്‍ റോഡില്‍ വെള്ളം കയറിയതോടെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു