മോന്‍സണ്‍ മാവുങ്കലിന്റെ സാമ്പത്തിക ഇടപാട്;
അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികളും
കൊച്ചി: മോന്‍സണ്‍ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികളും രംഗത്ത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഇന്‍കം ടാക്സും പ്രാഥമിക അന്വേഷണം തുടങ്ങി. പുരാവസ്തുക്കള്‍ എന്ന പേരില്‍ വിദേശത്തുനിന്നെത്തിച്ച വസ്തുക്കള്‍ സംബന്ധിച്ച് വിശദമായ വിവരങ്ങള്‍ കൈമാറാന്‍ കസ്റ്റംസും ആവശ്യപ്പെട്ടിട്ടുണ്ട്.
മോന്‍സണിന്റെ പക്കലുള്ള സാധനങ്ങളില്‍ വിദേശത്തുനിന്നെത്തിച്ചവയെ കുറിച്ച് രേഖാമൂലം വിവരങ്ങള്‍ കൈമാറാന്‍ കസ്റ്റംസ് നോട്ടിസില്‍ ആവശ്യപ്പെട്ടു. തുടര്‍നടപടികള്‍ക്കുവേണ്ടിയാണിതെന്നും കസ്റ്റംസ് അറിയിച്ചു. ഇ.ഡിയും ആദായ നികുതി വകുപ്പുമാണ് അന്വേഷണം നടത്തുന്ന മറ്റ് ഏജന്‍സികള്‍. മോന്‍സണ് കള്ളപ്പണ ഇടപാടുണ്ടോ എന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കും.
അതേസമയം മോന്‍സണ്‍ മാവുങ്കലുമായി ബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഇന്റലിജന്‍സ് പരിശോധന നടത്തും. ഐജി ലക്ഷ്മണ്‍, മുന്‍ ഡി ഐ ജി സുരേന്ദ്രന്‍ എന്നിവര്‍ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടും. മോന്‍സണ്‍ മാവുങ്കലുമായി പൊലീസ് ഉദ്യോഗസ്ഥര്‍ വഴിവിട്ട ഇടപാടുകള്‍ നടത്തിയിട്ടുണ്ടോയെന്ന് രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണ്. ക്രൈം ബ്രാഞ്ചിന്റെ വസ്തുതാവിവര റിപ്പോര്‍ട്ടിന് ശേഷം വിശദമായ അന്വേഷണം നടത്തും.