കൊച്ചി: എറണാകുളം - ബെംഗളൂരു റൂട്ടില്‍ സര്‍വീസ് നടത്താനായി പുതിയ വന്ദേ ഭാരത് റേക്ക് എറണാകുളം സ്റ്റേഷനില്‍ എത്തിച്ചു. ഈ മാസം 31നാണ് ബെംഗളൂരുവിലേക്കുള്ള ആദ്യ വന്ദേ ഭാരത് സര്‍വീസ്. ആഴ്ചയില്‍ മൂന്ന് സര്‍വീസുകള്‍ വീതമാണ് ഇരുദിശയിലേക്കും വന്ദേ ഭാരത് സ്‌പെഷ്യല്‍ ട്രെയിന്‍ നടത്തുക. ആദ്യ യാത്രയുടെ ടിക്കറ്റ് ബുക്കിങ് കഴിഞ്ഞദിവസം ആരംഭിച്ചിരുന്നു. മികച്ച പ്രതികരണമാണ് ബുക്കിങ്ങിന് ലഭിക്കുന്നത്.
എറണാകുളത്ത് നിന്ന് യാത്ര ആരംഭിക്കുന്ന സെമി ഹൈസ്പീഡ് ട്രെയിനിന് ബെംഗളൂരു ഉള്‍പ്പെടെ വെറും ഏഴ് സ്റ്റോപ്പുകള്‍ മാത്രമാണുള്ളത്. ഉച്ചയ്ക്കാണ് സര്‍വീസ് ആരംഭിക്കുന്നത്. രാത്രിയോടെ ബെംഗളൂരുവിലെത്തി പിറ്റേന്ന് രാവിലെ 05:30ന് യാത്ര ആരംഭിച്ച് ഉച്ചയോടെ എറണാകുളത്ത് തിരിച്ചെത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.ഷൊര്‍ണൂരില്‍ നിന്നാണ് പുതിയ വന്ദേ ഭാരത് റേക്ക് എറണാകുളത്ത് എത്തിച്ചത്. നേരത്തെ മൂന്നാം വന്ദേ ഭാരത് സര്‍വീസിനായി രണ്ട് റേക്കുകള്‍ വിവിധ ഘട്ടങ്ങളില്‍ കേരളത്തില്‍ എത്തിച്ചിരുന്നെങ്കിലും ബെംഗളൂരിലേക്ക് കൊണ്ടുപോയിരുന്നു. ഓറഞ്ച് നിറത്തിലുള്ള എട്ട് കോച്ചുകളുള്ള റേക്കാണ് ബെംഗളൂരുവിലേക്ക് സര്‍വീസ് നടത്തുക.
പുതിയ റൂട്ടില്‍ വന്ദേ ഭാരത് സര്‍വീസ് തുടങ്ങുമ്പോള്‍ പരീക്ഷണ ഓട്ടം നത്തുന്ന പതിവുണ്ടെങ്കിലും എറണാകുളം - ബെംഗളൂരു സര്‍വീസിന് പരീക്ഷണ ഓട്ടം നടത്താന്‍ സാധ്യത വളരെക്കുറവാണ്. ക്രിസ്മസ് ന്യൂയര്‍ സമയത്ത് ഈ റൂട്ടില്‍ വന്ദേ ഭാരത് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തിയിരുന്നു. അതുകൊണ്ട് പരീക്ഷണ ഓട്ടം ആവശ്യമായി വരില്ല.വന്ദേ ഭാരതിന്റെ വീല്‍ ടേണ്‍ അറ്റകുറ്റപ്പണിക്ക് ശേഷമാണ് റേക്ക് ഷൊര്‍ണൂരില്‍ നിന്നു കൊച്ചിയിലേക്ക് എത്തിച്ചത്. ജൂലൈ 31ന് പുറമെ, ഓഗസ്റ്റ് 02, 04, 07, 09, 11, 14, 16, 18, 21, 23, 25 തീയതികളിലാണ് ബെംഗളൂരുവിലേക്കുള്ള (06001) സര്‍വീസ്. ബുധന്‍, വെള്ളി, ശനി ദിവസങ്ങളാണിത്. രാത്രി 10 മണിയ്ക്കാണ് സെമി ഹൈസ്പീഡ് ട്രെയിന്‍ ബെംഗളൂരുവിലെത്തുക.