സംസ്ഥാനത്ത് വരുന്ന അഞ്ച് ദിവസം കനത്തമഴ; യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. പത്തനംതിട്ട മുതല്‍ വയനാട് വരെ വിവിധ ദിവസങ്ങളിലായി യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴയും ഇടിമിന്നലും വരുന്ന ഏതാനും ദിവസം കൂടി തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നാളെ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെടുന്ന സാഹചര്യത്തിലാണ് കേരളത്തില്‍ മഴ ശക്തിപ്പെടുന്നത്. അതേസമയം, കേരള കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. ഒക്ടോബര്‍ 9 വെള്ളിയാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. ഒക്ടോബര്‍ 10 ശനിയാഴ്ച ഈ ജില്ലകള്‍ കൂടാതെ എറണാകുളം ജില്ലയിലും യെല്ലോ അലേര്‍ട്ടുണ്ട്. ഈ ജില്ലകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്.
ഒക്ടോബര്‍ 11 ഞായറാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലേര്‍ട്ട് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ മഴയും ഇടിമിന്നലും തുടരുകയാണ്. വരുംദിവസങ്ങളിലും 24 മണിക്കൂറിനുള്ളില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ പ്രതീക്ഷിക്കാമെന്നാണ് മുന്നറിയിപ്പ്. സെപ്റ്റംബര്‍ 30ന് കാലവര്‍ഷം അവസാനിച്ചിട്ടും ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനര്‍ദ്ദമാണ് മഴയ്ക്ക് കാരണമാകുന്നതെന്നാണ് വിലയിരുത്തല്‍.
ഇടിമിന്നലുള്ള സാഹചര്യത്തില്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റിയും ആവശ്യപ്പെട്ടിട്ടുണ്ട്. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രാത്രി പത്ത് മണി വരെയാണ് ഇടിമിന്നലിന് കൂടുതല്‍ സാധ്യതയുള്ളത്. മനുഷ്യരുടെയും വളര്‍ത്തുമൃഗങ്ങളുടെയും വൈദ്യുതോപകരണങ്ങളുടെയും സുരക്ഷയ്ക്കായി മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഇടിമിന്നല്‍ നേരിട്ടു കാണാന്‍ കഴിയുന്നില്ലെന്നു കരുതി ഇതില്‍ വിട്ടുവീഴ്ച ചെയ്യരുതെന്നും ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.
തുറസ്സായ സ്ഥലങ്ങളിലാണ് ഇടിമിന്നലേല്‍ക്കാന്‍ കൂടുതല്‍ സാധ്യതയുള്ളത്. ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ രാത്രി പത്ത് മണി വരെ കുട്ടികള്‍ വീടിനു പുറത്തും ടെറസിലും കളിക്കുന്നത് ഒഴിവക്കണം. മിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കുകയോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയോ ചെയ്യരുത്. പരമാവധി കെട്ടിടത്തിനുള്ളില്‍ തന്നെ ഇരിക്കുകയും ജനലുകളും വാതിലുകളും അടച്ചിടുകയും ചെയ്യണം. ഭിത്തിയിലോ തറയിലോ തൊടാതിരിക്കാനും ശ്രദ്ധ വേണം.