കൊച്ചി : കുപ്രസിദ്ധ ഗുണ്ട നേതാവ് ഓം പ്രകാശിനെതിരായ ലഹരിക്കേസിലെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ മലയാളം സിനിമാ താരങ്ങളുടെ പേരുകളും. നടി പ്രയാഗ മാര്‍ട്ടിനും ശ്രീനാഥ് ഭാസിയും ഓം പ്രകാശിന്റെ മുറി സന്ദര്‍ശിച്ചുവെന്നാണ് പൊലീസ് റിപ്പോര്‍ട്ടിലുളളത്. ഇവര്‍ക്ക് പുറമേ സ്ത്രീകളടക്കം 20 ഓളം പേര്‍ ഓം പ്രകാശിന്റെ മുറിയില്‍ എത്തിയിട്ടുണ്ട്. ബോബി ചലപതി എന്നയാളുടെ പേരിലാണ് മുറി ബുക്ക് ചെയ്തത്. മുറിയിലെത്തിയ ആളുകളെ ചോദ്യം ചെയ്യണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.
ലഹരിവസ്തുക്കള്‍ കൈവശം വെച്ചതിന് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ പഞ്ച നക്ഷത്ര ഹോട്ടലായ സെവന്‍ സ്റ്റാര്‍ ഹോട്ടലില്‍ നിന്നും ഓം പ്രകാശിനെയും സുഹൃത്തായ ഷിഹാസിനെയും പൊലീസ് പിടികൂടിയത്. ഇവരുടെ ജാമ്യ ഹര്‍ജി പരിഗണിക്കവേയാണ് പൊലീസ് കോടതിയില്‍ റിമാന്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് സിനിമാ താരങ്ങളുടെ പേരുളളത്. താരങ്ങളെന്തിനെത്തി എന്ന് അറിയാന്‍ പ്രതികളായ ഷിഹാസിനെയും ഓം പ്രകാശിനെയും കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും ഇരുവര്‍ക്കും ജാമ്യം ലഭിച്ചു. മൂന്ന് മുറികളിലായാണ് ലഹരി ഇടപാടുകളുണ്ടായത്. കൊക്കെയ്ന്‍ അടക്കമാണ് പ്രതികളെ പിടികൂടിയത്. വിദേശത്ത് നിന്നും മയക്കുമരുന്നെത്തിച്ച് വിതരണം ചെയ്യുകയായിരുന്നു പ്രതികളെന്നാണ് വിവരം. ഇവര്‍ ബുക്ക് ചെയ്ത മുറി, അടുത്തുളള രണ്ട് മുറികളിലുമാണ് അന്വേഷണം നടക്കുന്നത്.
തലസ്ഥാനം കേന്ദ്രീകരിച്ച് വര്‍ഷങ്ങളായി ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഓം പ്രകാശിന്റെ സാന്നിദ്ധ്യം രണ്ട് ദിവസമായി കൊച്ചിയില്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. പഞ്ചനക്ഷത്ര ഹോട്ടലില്‍ ലഹരി ഇടപാടെന്ന സംശയത്തിലാണ് നാര്‍ക്കോട്ടിക് വിഭാഗം പരിശോധന നടത്തിയത്. ആദ്യം കരുതല്‍ കസ്റ്റഡിയിലെടുത്ത പൊലീസ് ഇയാളെ മരട് പൊലീസ് സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തു. ബോള്‍ഗാട്ടിയിലെ ഡിജെ പരിപാടിക്ക് എത്തിയതാണെന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ലഹരി വസ്തുക്കള്‍ പിടികൂടിയത്. നര്‍ക്കോട്ടിക് ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് സബ്സ്റ്റന്‍സ് ആക്ട് പ്രകാരമാണ് കേസെടുത്തത്.