തിരുവനന്തപുരം: കേരളത്തെ ഗുജറാത്താക്കാനുള്ള ശ്രമമാണ് ഇടതുസര്‍ക്കാര്‍ നടത്തുന്നതെന്ന് കെ മുരളീധന്‍ എംപി ഗുജറാത്ത് മോഡല്‍ പഠിക്കാന്‍ ബിജെപി ഇതര സംസ്ഥാനങ്ങളിലൊന്നും പോയിട്ടില്ല. മോദി പിണറായി കൂടിക്കാഴ്ചക്ക് ശേഷമാണ് ഈ തീരുമാനമുണ്ടായത്. അന്നത്തെ ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി പുറത്ത് വിടണം. മോദിക്ക് ശേഷം അഞ്ച് വര്‍ഷം ഭരിച്ച ഒരു മുഖ്യമന്ത്രിയും ഗുജറാത്തിലില്ല. അത് പഠിക്കാനാണോ കേരളത്തില്‍ നിന്നും ആളെ വിടുന്നതെന്നും മുരളീധരന്‍ ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശിവഗിരി തീര്‍ത്ഥാടന സര്‍ക്യൂട്ട് കേന്ദ്രസര്‍ക്കാര്‍ കൊണ്ടു വന്ന പദ്ധതിയാണ്. കേരളത്തില്‍ വേരുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളുടെ ഭാഗമാണ് ഇതെല്ലാം. ശിവഗിരിയെ വര്‍ഗീയവത്ക്കരിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന കോടിയേരി ബാലകൃഷ്ണന്റെ ആക്ഷേപം ശരിയാണ്. പക്ഷേ ഇതിന് സിപിഎമ്മും പിന്തുണ നല്‍കുന്നുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.
നേമത്തെ ഗുജറാത്താക്കുമെന്ന കുമ്മനത്തിന്റെ പ്രസ്താവന കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വിവാദമായിരുന്നു. ഇതിന്റെ ഗുണഭോക്താക്കള്‍ എല്‍ഡിഎഫ് ആയിരുന്നു. ഇതിലൂടെ ന്യൂനപക്ഷ ഏകീകരണം ഉണ്ടായി. ഇപ്പോള്‍ കേരളത്തെ ഗുജറാത്ത് ആക്കാനാണ് ശ്രമം. വിദ്യാഭ്യാസ മേഖലയില്‍ ദില്ലി സര്‍ക്കാരിന്റെ ഡാഷ് ബോര്‍ഡാണ് ഗുജറാത്ത് പഠിക്കുന്നത്. എന്താണ് പിന്നെ കേരള മോഡലിന്റെ പ്രസക്തി. ഗുജറാത്തിലെ ഒരു മോഡലും കേരളം അനുകരിക്കരുത്. ചീഫ് സെക്രട്ടറി അങ്ങോട്ട് പോയതിന്റെ ടിക്കറ്റ് കാശ് പോലും നഷ്ടമാണ്. ഇനി ഏകീക്യത സിവില്‍ കോഡ് നടപ്പാക്കാന്‍ മോദി ആവശ്യപ്പെട്ടാല്‍ അതും ഇവിടെ നടപ്പാക്കും. മോദിയുടേയും പിണറായിയുടേയും കാറിന് പോലും ഒരു നിറമായി. മുഖ്യമന്ത്രി അടിക്കടി വിദേശത്തേക്ക് പോകുന്നുണ്ട്. എന്താണ് അദ്ദേഹത്തിന്റെ അസുഖമെന്നറിയാന്‍ താത്പര്യമുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.