കെഎസ്ഇബിയില്‍ നടന്നത് വന്‍ അഴിമതി എംഎം മണിയുടെ ബന്ധുക്കള്‍ക്കും ഭൂമി ലഭിച്ചു: വി.ഡി. സതീശന്‍
തിരുവനന്തപുരം: കെ എസ് ഇ ബി അഴിമതി ആരോപണത്തില്‍ മുന്‍ വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണിക്കെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ . കെ എസ് ഇ ബി ഭൂമി കൈമാറ്റത്തിലൂടെ മുന്‍ വൈദ്യുതി വകുപ്പ് മന്ത്രി എംഎം മണിയുടെ ബന്ധുക്കള്‍ക്കും ഭൂമി ലഭിച്ചിട്ടുണ്ടെന്നും അത് തെളിയിക്കുന്ന രേഖകളുണ്ടെന്നും സതീശന്‍ ആരോപിച്ചു. നൂറ് കണക്കിന് ഭൂമിയാണ് ചട്ടവിരുദ്ധമായി കൈമാറിയത്. വൈദ്യുത ബോര്‍ഡില്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടായത് ഇത്തരത്തിലുള്ള അഴിമതിയെത്തുടര്‍ന്നാണ്. അതിനാല്‍ വൈദ്യുതി ചാര്‍ജ് വര്‍ദ്ധന നടപ്പാക്കി ജനങ്ങളെ ബുദ്ധിമുട്ടിലാക്കരുത്. കെ എസ് ഇ ബി ഹൈഡല്‍ ടൂറിസം പദ്ധതിയിലെ ഭൂമി കൈമാറ്റം നിയമവിരുദ്ധമായിട്ടാണെന്ന് റവന്യൂ വകുപ്പ് തന്നെ പറഞ്ഞുവെന്നും ഭൂമി കൈമാറ്റം റദ്ദാക്കി സമഗ്രമായ അന്വേഷണം നടത്താന്‍ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് വൈദ്യുതി ബോര്‍ഡില്‍ ക്രമക്കേടുണ്ടായെന്ന കെഎസ്ഇബി ചെയര്‍മാന്റെ ആരോപണം ഏറ്റെടുത്ത് പ്രതിപക്ഷം ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ''വൈദ്യുതി ബോര്‍ഡില്‍ കഴിഞ്ഞ അഞ്ചര വര്‍ഷമായി നടക്കുന്നത് കടുത്ത അഴിമതിയാണ്. ഈ ആരോപണങ്ങള്‍ക്ക് മറുപടി പറയാനുള്ള ഉത്തരവാദിത്വം സര്‍ക്കാരിനുണ്ടെന്നും പ്രതിപക്ഷം ആവര്‍ത്തിക്കുന്നു.
കെഎസ്ഇബി അഴിമതി ആരോപണവും ബിജെപിയും രാഷ്ട്രീയ ആയുധമാക്കുകയാണ്. എംഎം മണിയെ കുറ്റപ്പെടുത്തി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്തെത്തിയിട്ടുണ്ട്. മുന്‍ വൈദ്യുതി മന്ത്രി എം എം മണിയെ പോലെ ഒരു തട്ടിപ്പുകാരന്‍ കേരളത്തില്‍ വേറെയില്ലെന്നും ലാലു പ്രസാദ് യാദവിന്റ കേരള പതിപ്പാണ് എം എം മണിയെന്നുമാണ് സുരേന്ദ്രന്റെ വിമര്‍ശനം. കെ എസ് ഇ ബി അഴിമതി വിവരങ്ങള്‍ കെ എസ് ഇ ബി ചെയര്‍മാന്‍ ഡോ.ബി.അശോക് തന്നെ അക്കമിട്ട് നിരത്തിയ സാഹചര്യം ആണ് ഉള്ളത്. അതുകൊണ്ട് തന്നെ കെ എസ് ഇ ബിയുമായി ബന്ധപ്പെട്ടുയര്‍ന്ന അഴിമതികളില്‍ സമഗ്ര അന്വേഷണം വേണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
എംഎം മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് ഇടതു യൂണിയനുകള്‍, വൈദ്യുത ബോര്‍ഡിന് കോടികളുടെ ബാധ്യതയുണ്ടാക്കുന്ന തീരുമാനത്തിന് കൂട്ടുനിന്നുവെന്ന ചെയര്‍മാന്‍ ബി അശോകിന്റെ ആരോപണമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. ടൂറിസം വികസനത്തിന് പല സൊസൈറ്റികള്‍ക്കും ബോര്‍ഡിന്റെ അനുമതിയോ സര്‍ക്കാര്‍ അനുമതിയോ ഇല്ലാതെ നൂറു കണക്കിന് ഏക്കര്‍ സ്ഥലം പാട്ടത്തിന് നല്‍കി. ചട്ടവിരുദ്ധമായി ഇടപാട് ഫയലില്‍ എഴുതി ചേര്‍ത്ത് ഒപ്പിടാന്‍ ചീഫ് എഞ്ചിനിയര്‍ക്കുമേല്‍ യൂണിയനുകള്‍ സമ്മര്‍ദ്ദം ചെലുത്തി. കെഎസ്ഇബിയുടെ ഭൂമി അനുമതിയില്ലാതെ പാട്ടത്തിന് നല്‍കിയതിലും കരാറുകര്‍ക്ക് വിവരങ്ങള്‍ എഞ്ചിനീയര്‍മാര്‍ ചോര്‍ത്തി തുടങ്ങി ദുരുതര ആരോപണങ്ങളാണ് ചെയര്‍മാന്‍ ഉയര്‍ത്തുന്നത്.