നാലു ദിവസത്തെ നേട്ടങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ വിപണി ഇന്ന് നഷ്ടത്തിൽ വ്യാപാരം ആരംഭിച്ചത്
നാലു ദിവസത്തെ നേട്ടങ്ങള്‍ക്ക് ശേഷം വെള്ളിയാഴ്ച്ച നഷ്ടത്തിലാണ് ഇന്ത്യന്‍ വിപണി വ്യാപാരം ആരംഭിച്ചത്. ആഗോള വിപണിയിലെ പ്രതികൂലമായ സാഹചര്യം, രാജ്യത്ത് രൂക്ഷമായിക്കൊണ്ടിരിക്കുന്ന കോവിഡ് വ്യാപനം, കൂട്ട വാക്‌സിനേഷന്‍ നടപടികളിലുണ്ടാവുന്ന കാലതാമസം എന്നീ കാരണങ്ങള്‍ ഇന്ത്യന്‍ സൂചികയുടെ ഇന്നത്തെ താഴ്ച്ചയ്ക്ക് ആധാരമാവുന്നു. 1 ശതമാനം വരെ ഗ്യാപ്-ഡൗണ്‍ കുറിച്ചാണ് സെന്‍സെക്‌സും നിഫ്റ്റിയും ഇടപാടുകള്‍ക്ക് തുടക്കമിട്ടത്. രാവിലെ സെന്‍സെക്‌സ് 517 പോയിന്റ് ചോര്‍ന്ന് 49,249 എന്ന നില രേഖപ്പെടുത്തി. എന്‍എസ്ഇ നിഫ്റ്റി ഫിഫ്റ്റി സൂചിക 137 പോയിന്റ് ഇടറി 14,750 മാര്‍ക്കില്‍ തുടരുകയാണ്. നിഫ്റ്റിയില്‍ വിപ്രോയാണ് ഇന്ന് കാര്യമായ മുന്നേറ്റം കാഴ്ച്ചവെക്കുന്നത്. ഏപ്രില്‍ - ജൂണ്‍ പാദത്തിലുള്ള പ്രതീക്ഷിത വരുമാനം 2,324 മില്യണ്‍ ഡോളറില്‍ നിന്നും 2,367 മില്യണ്‍ ഡോളറായി കമ്പനി പുനഃപരിശോധിച്ച സാഹചര്യം വിപ്രോ ഓഹരികള്‍ക്ക് പുത്തനുണര്‍വ് സമ്മാനിച്ചു. 4 ശതമാനത്തോളം നേട്ടം വിപ്രോ ഓഹരികളില്‍ രാവിലെ കാണാം. ബജാജ് ഓട്ടോ, ഓഎന്‍ജിസി, ഡിവിസിസ് ലാബ്‌സ്, ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ്, സണ്‍ ഫാര്‍മ ഓഹരികളും നിഫ്റ്റിയില്‍ ഭേദപ്പെട്ട മുന്നേറ്റം കയ്യടക്കുന്നു.
വിപണിയിൽ എച്ച്ഡിഎഫ്‌സി ബാങ്ക് 3 ശതമാനത്തോളം തകര്‍ച്ച നേരിടുകയാണ്. എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, ടൈറ്റന്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഹരികളിലും കാര്യമായ തകര്‍ച്ച കാണാം. വിശാല വിപണികളില്‍ സമ്മിശ്ര പ്രതികരണം ദൃശ്യമാണ്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.24 ശതമാനം ഇടിവ് രേഖപ്പെടുത്തുമ്പോള്‍ ബിഎസ്ഇ സ്‌മോള്‍ക്യാപ് സൂചിക 0.06 ശതമാനം നേട്ടത്തില്‍ മുന്നേറുന്നു. വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകളില്‍ നിഫ്റ്റി ഐടി 1 ശതമാനം നേട്ടവുമായി പട്ടികയില്‍ മുന്നിലെത്തുന്നു. നിഫ്റ്റി ബാങ്ക് സൂചിക 2.11 ശതമാനം തകര്‍ച്ച രാവിലെത്തന്നെ നേരിടുന്നുണ്ട്.
ഇന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, യെസ് ബാങ്ക്, മാരികോ, കാന്‍ ഫിന്‍ ഹോംസ് ഉള്‍പ്പെടെ 27 കമ്പനികള്‍ മാര്‍ച്ച് പാദത്തിലെ സാമ്പത്തിക ഫലം പുറത്തുവിടും.