രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ സേവനങ്ങളുടെ കാലാവധി നീട്ടി പ്രമുഖ വാഹന നിർമാതാക്കൾ
കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ വിവിധ സേവനങ്ങളുടെ കാലാവധി നീട്ടി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസൂക്കി, ടൊയോറ്റ, എംജി മോട്ടോര്‍സ് ഇന്ത്യ. 2021 ജൂണ്‍ 30 വരെ സൗജന്യ സേവനവും വാറണ്ടിയും നീട്ടിയതായി മാരുതി സുസുക്കി ഇന്ത്യ അറിയിച്ചു. ഫ്രീ സര്‍വീസ്, വാറണ്ടി പിരിയഡ്, എക്സ്റ്റന്റഡ് വാറണ്ടി എന്നീ സേവനങ്ങളുടെ കാലാവധിയാണ് മാരുതി സുസൂക്കി നീട്ടി നല്‍കിയത്. മാര്‍ച്ച് 15മും മേയ് 31നും ഇടയില്‍ കാലാവധി തീരുന്ന ഉപഭോക്താക്കള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
ടൊയോട്ട കിര്‍ലോസ്‌കറും എംജി മോട്ടോര്‍ ഇന്ത്യയും ഏപ്രില്‍, മെയ് മാസങ്ങളില്‍ അടയ്ക്കേണ്ട എല്ലാ ഷെഡ്യൂളുകളുടെയും വാറണ്ടിയും സേവന സാധുതയും നീട്ടിയിട്ടുണ്ടെന്ന് അറിയിച്ചു. എംജി ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ 2021 ജൂലൈ 31 വരെ ഷെഡ്യൂളുകള്‍ നേടാന്‍ കഴിയും. നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സംസ്ഥാനങ്ങളില്‍ ടൊയോട്ട വാറണ്ടിയും കസ്റ്റമര്‍-പെയ്ഡ് എക്‌സ്റ്റെന്‍ഡഡ് വാറണ്ടിയും ഒരു മാസത്തേക്ക് നീട്ടി നല്‍കിയിട്ടുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കാറുടമകള്‍ക്ക് തങ്ങള്‍ക്ക് ലഭിക്കേണ്ട സേവനങ്ങള്‍ക്കായി ഷോറൂമിലേക്ക് പോകാന്‍ പറ്റാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇതേ തുടര്‍ന്നാണ് പ്രമുഖ കമ്പനികള്‍ തങ്ങളുടെ സേവനങ്ങളുടെ കാലാവധി നീട്ടി നൽകിയത്.