കൊച്ചി : ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പ് വിധി റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് ഇടക്കാല സ്റ്റേ. സുപ്രീംകോടതിയെ സമീപിക്കുന്നതിനായി 10 ദിവസത്തെ സാവകാശം അനുവദിച്ചാണ് വിധി നടപ്പാക്കുന്നതിന് കോടതി സ്റ്റേ അനുവദിച്ചത്. നിയമസഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കപ്പെട്ട എ രാജ നല്‍കിയ അപേക്ഷയിലാണ് ഉത്തരവ് പുറപ്പെടുവിച്ച അതേ ബെഞ്ച് തന്നെ സ്റ്റേ നല്‍കിയത്. സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഉത്തരവ് നടപ്പാക്കുന്നതിന് സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം. ഇത് അംഗീകരിച്ചാണ് സിംഗിള്‍ ബെഞ്ചിന്റെ നടപടി. സ്റ്റേ കാലയളവില്‍ എംഎല്‍എ എന്ന നിലയില്‍ യാതൊരുവിധ പ്രതിഫലവും വാങ്ങാന്‍ പാടില്ലെന്നും നിര്‍ദേശിച്ചിട്ടുണ്ട്. എ രാജയുടെ നിയമസഭാംഗത്വം റദ്ദാക്കിയ കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനേയും നിയമസഭാ സ്പീക്കറേൃയും അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഈ തുടര്‍ നടപടികള്‍ക്കടക്കമാണ് സ്റ്റേ ഉത്തരവ് ബാധകമാകുക.
കഴിഞ്ഞ ദിവസമാണ് ദേവികുളം മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കിയത്. പട്ടികജാതി സംവരണ വിഭാഗത്തില്‍പ്പെട്ട ദേവികുളം മണ്ഡലത്തില്‍ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് സിപിഎമ്മിലെ എ രാജ മത്സരിച്ചതെന്ന യുഡിഎഫ് സ്ഥാനാര്‍ഥി ഡി കുമാറിന്റെ ഹര്‍ജി അംഗീകരിച്ചായിരുന്നു കോടതിയുടെ നടപടി. ക്രിസ്ത്യന്‍ മതാചാരം പിന്തുടരുന്ന രാജയ്ക്ക് പട്ടിക ജാതി സംവരണ മണ്ഡലത്തില്‍ മത്സരിക്കാന്‍ അര്‍ഹതയില്ലെന്നായിരുന്നു ഹര്‍ജിയിലെ പ്രധാനവാദം. പരിവര്‍ത്തിത ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ടവരാണെന്നും മാട്ടുപ്പെട്ടി കുണ്ടള ഈസ്റ്റ് ഡിവിഷനിലെ സി എസ് ഐ. പള്ളിയില്‍ മാമ്മോദീസാ സ്വീകരിച്ചവരാണ് രാജയുടെ മാതാപിതാക്കളെന്നും രാജയും അതേ മതത്തില്‍പ്പെട്ടതാണെന്നും ഹര്‍ജിയിലുണ്ടായിരുന്നു. ഇത് അംഗീകരിച്ചാണ് ഹൈക്കോടതി ഉത്തരവിട്ടത്.