ഐഒടിയില്‍ രാജ്യത്തെ ആദ്യ മികവിന്റെ കേന്ദ്രം കൊച്ചിയില്‍ ഒരുങ്ങും
ഇന്റലിജന്റ് ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (ഐഒടി)മേഖലയില്‍ രാജ്യത്തെ ആദ്യ മികവിന്റെ കേന്ദ്രം കൊച്ചിയില്‍ മേക്കര്‍ വില്ലേജിന് സമീപം ആരംഭിക്കും. ഡിജിറ്റല്‍ സര്‍വകലാശാലയും തൃശൂര്‍ ആസ്ഥാനമായ സെന്റര്‍ ഫോര്‍ മെറ്റീരിയല്‍സ് ഫോര്‍ ഇലക്ട്രോണിക്‌സ് ടെക്‌നോളജിയും (സീ-മെറ്റ്) ചേര്‍ന്നാണിത് ഒരുക്കുന്നത്. ഉപകരണങ്ങളുമായും സിസ്റ്റങ്ങളുമായും ഡാറ്റ ബന്ധിപ്പിക്കാനും കൈമാറ്റം ചെയ്യാനുമായി തയ്യാറാക്കുന്ന സെന്‍സറുകള്‍, സോഫ്റ്റ്വെയര്‍, മറ്റ് സാങ്കേതികവിദ്യകള്‍ എന്നിവയാണ് ഐഒടി.
കേന്ദ്ര വിവരസാങ്കേതികവിദ്യാ മന്ത്രാലയത്തിന്റെ അനുമതിയോടെ, കേരള സ്റ്റാര്‍ട്ടപ് മിഷന്‍ 41 കോടി രൂപയാണ് ഇതിനായി ചെലവഴിക്കുന്നത്. സെന്‍സറുകള്‍ ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഘടകങ്ങളുടെ വരവ് കോവിഡ് സാഹചര്യത്തില്‍ നിലയ്ക്കുകയും വ്യവസായ രംഗം പ്രതിസന്ധിയിലാകുകയും ചെയ്തതോടെയാണ് തദ്ദേശീയ ഉല്‍പ്പാദനം ലക്ഷ്യമിട്ടത്.
സെന്‍സറുകളുടെ ഉല്‍പ്പാദനം, ഇന്റലിജന്റ് സെന്‍സര്‍ ഹാര്‍ഡ്വെയര്‍, നിര്‍മിത ബുദ്ധിയിലുള്ള സോഫ്റ്റ്വെയറുകളുടെ വികസനം തുടങ്ങി ഉല്‍പ്പന്നങ്ങളുടെ രാജ്യാന്തര ഗുണനിലവാര പരിശോധനയും സര്‍ട്ടിഫിക്കേഷനുംവരെ ഇവിടെയുണ്ടാകും. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണവുമുണ്ടാകും. ഐഒടി മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഇന്‍ക്യൂബേഷന്‍, ഗ്രാന്‍ഡ് മുതലായ സഹായങ്ങള്‍ നല്‍കി കൂടുതല്‍ സംരംഭകരെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കും.
തദ്ദേശീയമായ ഉല്‍പ്പന്ന നിര്‍മിതി, പരീക്ഷണം, സംരംഭങ്ങള്‍ക്ക് സഹായം എന്നിവയിലൂടെ വ്യവസായത്തിനും ഗവേഷണത്തിനുമിടയിലുള്ള പ്രതിബന്ധങ്ങളെ നീക്കി ഐഒടി മേഖലയില്‍ കുതിച്ചുചാട്ടത്തിന് സഹായകമാകും വിധമാണ് ഡോ. എ സീമ, ഡോ. എ പി ജെയിംസ് എന്നിവര്‍ പദ്ധതി രൂപകല്‍പ്പന ചെയ്തത്. കാലങ്ങളായി രാജ്യത്തെ വ്യവസായ മേഖലയില്‍ കൂടുതലും ഉപയോഗിക്കുന്നത് ഇറക്കുമതി ചെയ്ത ഡാറ്റ കൈമാറ്റത്തിനുതകുന്ന ഇന്റലിജന്റ് സംവിധാനങ്ങള്‍ ഇല്ലാത്ത സെന്‍സറുകളാണ്.