ഐപിഒ രംഗത്തേക്ക് ചുവടുവെക്കാന്‍ ബൈജൂസ് ആപ്പ് തയാറെടുക്കുന്നു
മുംബൈ : ഐ.പി.ഒ.യുമായി ഇന്ത്യന്‍ വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിനുള്ള ചര്‍ച്ചകള്‍ സജീവമാക്കി ഓണ്‍ലൈന്‍ വിദ്യാഭ്യാസ രംഗത്തെ സ്റ്റാര്‍ട്ട് അപ്പായ ബൈജൂസ്. മോര്‍ഗന്‍ സ്റ്റാന്‍ലി, സിറ്റി ഗ്രൂപ്പ്, ജെ.പി. മോര്‍ഗന്‍ ചേസ് ആന്‍ഡ് കമ്പനി തുടങ്ങിയ ബാങ്കുകളാണ് ബൈജൂസിന്റെ ഐ.പി.ഒ.യുമായി ബന്ധപ്പെട്ട ചര്‍ച്ചകളുമായി രംഗത്തുള്ളത്. ഇതിനുമുമ്പായി 40മുതല്‍ 60വരെ കോടി ഡോളര്‍ (ഏകദേശം 3000മുതല്‍ 4500 കോടി രൂപ) മൂലധനം സമാഹരിക്കാന്‍ കമ്പനി പദ്ധതിയിടുന്നുണ്ട്. ഇതിനുശേഷം അടുത്തവര്‍ഷം പകുതിയോടെ ഐ.പി.ഒ. നടത്തുന്നതാണ് പരിഗണിക്കുന്നതെന്ന് 'ബ്ലൂംബെര്‍ഗി'ന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പുതിയ മൂലധനസമാഹരണത്തോടെ കമ്പനിയുടെ മൂല്യം 2100 കോടി ഡോളറിലെത്തുമെന്നാണ് കണക്കാക്കുന്നത്. അടുത്തിടെ 15 കോടി ഡോളര്‍ കമ്പനി സമാഹരിച്ചിരുന്നു. ഇതുവഴി കമ്പനിയുടെ മൂല്യം 1687 കോടി ഡോളറിലെത്തിയിട്ടുണ്ട്. 2020-2021 വര്‍ഷങ്ങളിലായി ബൈജൂസിലേക്ക് വന്‍തോതില്‍ മൂലധനനിക്ഷേപം ഒഴുകിയെത്തിയിരുന്നു. ഇതില്‍ ഭൂരിഭാഗം തുകയും വിവിധ ഏറ്റെടുക്കലുകള്‍ക്കാണ് ചെലവഴിച്ചത്.
ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസ്, എപിക്, ഗ്രേറ്റ് ലേണിങ് പോലുള്ള സ്ഥാപനങ്ങളെ ഏറ്റെടുത്തതുവഴി 2022 സാമ്പത്തികവര്‍ഷം മൊത്തം വരുമാനം 10,000 കോടി രൂപയിലെത്തിക്കാനാണ്
കമ്പനി ലക്ഷ്യമിടുന്നത്. 2020 സാമ്പത്തികവര്‍ഷം മൊത്തം വരുമാനം 2380.7 കോടി രൂപയാണ്. ഇതില്‍ 144 കോടി ട്യൂഷന്‍ ഫീസിനത്തിലും 1675 കോടി ടാബ്ലറ്റ്, എസ്.ഡി. കാര്‍ഡ് എന്നിവയുടെ വില്‍പ്പനയിലൂടെയും 560 കോടി റഫറന്‍സ് പുസ്തകങ്ങളുടെ വില്‍പ്പനവഴിയും ലഭിച്ചതാണ്. 2019 സാമ്പത്തികവര്‍ഷം വരുമാനം 1281 കോടിയായിരുന്നു.