അശാസ്ത്രീയ ലോക്ഡൗണ്‍; വ്യാപാരികളുടെ ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും


കൊച്ചി: അശാസ്ത്രീയ ലോക്ഡൗണ്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടുള്ള വ്യാപാരികളുടെ ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ച പരിഗണിക്കും. ബുധനാഴ്ച ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുക്കുന്നുണ്ടല്ലോ എന്ന്  കോടതി അഭിപ്രായപ്പെട്ടു. സര്‍ക്കാര്‍ തീരുമാനം അറിഞ്ഞിട്ട് ഹര്‍ജി പരിഗണിക്കാമെന്നും  കോടതി അറിയിച്ചു. അതേസമയം, സര്‍ക്കാര്‍ തീരുമാനത്തില്‍ അപ്രായോഗികമായ നിര്‍ദേശം ഉണ്ടെങ്കില്‍ അറിയിക്കാന്‍ ഹര്‍ജിക്കാരോട് കോടതി ആവശ്യപ്പെട്ടു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയടക്കമുള്ളവരാണ് ഹര്‍ജി നല്‍കിയത്.

അതേസമയം, കടകള്‍ തുറന്ന് പ്രവര്‍ത്തിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിറകോട്ടില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. ഈ മാസം ഒമ്പതാം തിയതി മുതല്‍ എല്ലാ കടകളും തുറന്ന് പ്രവര്‍ത്തിക്കും. പ്രശ്‌ന പരിഹാരം കാണാന്‍  സര്‍ക്കാരിന് ആവശ്യത്തിന് സമയം നല്‍കി. സര്‍ക്കാര്‍ പ്രഖ്യാപിച്ച കൊവിഡ് പാക്കേജ് അശാസ്ത്രീയമാണെന്നും സമിതി സംസ്ഥാന അധ്യക്ഷന്‍ നസറുദ്ദീന്‍ പറഞ്ഞു. 

ഇതിനിടെ, ടിപിആര്‍ അടിസ്ഥാനമാക്കിയുള്ള ലോക്ഡൗണ്‍ നിയന്ത്രണ രീതിക്ക് ബദലായുള്ള നിര്‍ദേശങ്ങള്‍ വിദഗ്ദ്ധ സമിതി ഇന്ന് സമര്‍പ്പിക്കും. നാളെ ചേരുന്ന അവലോകനയോഗം ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. നിലവിലെ രീതി മാറ്റി, മൈക്രോ കണ്ടെയിന്‍മെന്റ് സോണുകള്‍ കേന്ദ്രീകരിച്ച് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാവും പ്രധാന നിര്‍ദേശം. വാരാന്ത്യ ലോക്ഡൗണ്‍ പിന്‍വലിക്കാനും ശുപാര്‍ശയുണ്ടാകും.

രോഗവ്യാപനം ഇല്ലാത്തയിടങ്ങളില്‍ എല്ലാ ദിവസവും എല്ലാ കടകളും തുറക്കുക എന്നതാണ് പരിഗണിക്കപ്പെടുന്ന മറ്റൊരു പ്രധാന നിര്‍ദേശം. പരിപൂര്‍ണ്ണമായി ഇളവുകള്‍ നല്‍കുന്നതിന് എതിരെ കേന്ദ്രം  സ്വീകരിക്കുന്ന നിലപാടും സര്‍ക്കാര്‍ പരിഗണിക്കും. അതേസമയം ഓണക്കാലവും, നിയന്ത്രണങ്ങള്‍ക്ക്  എതിരായ പ്രതിഷേധവും കണക്കിലെടുത്ത് കൂടുതല്‍ ഇളവുകള്‍ക്ക് തന്നെയാണ് സാധ്യത.

Recent Updates

IIIISI


 

 

Happy Onam

Happy Vishu

 Happy Republic Day

0 Comments

Leave a reply

Social Media