ഉറ്റവരുടെ വേര്‍പാട്, മുറിവേറ്റ് മൃതപ്രായരായവരുടെ തേങ്ങലുകള്‍, ജന്മനാട് വിട്ട് പാലായനം ചെയ്യുന്നവരുടെ വിങ്ങലുകള്‍, എല്ലാ കണ്ട് പകച്ചു നില്‍ക്കുന്ന ബാല്യങ്ങള്‍. അതാണ് ഇന്ന് യുക്രൈനിലെ കാഴ്ച. എങ്കിലും അവര്‍ ആത്മധൈര്യത്തോടെ പോരാടുന്നുണ്ട്. യുദ്ധം തുടങ്ങിയിട്ട് ഒരു മാസത്തോടടുക്കുന്നു. ലോകത്തെ രണ്ടാമത്തെ സൈനിക ശക്തിയായ റഷ്യയോടാണ് ചെറുരാജ്യമായ യുക്രൈന്‍ പൊരുതി നില്‍ക്കുന്നത്. സ്വന്തം നാടിനു വേണ്ടി അവസാനശ്വാസം വരെ പൊരുതുമെന്നാണ് ഓരോ യുക്രൈന്‍ പൗരനും പ്രതിജ്ഞയെടുത്തിരിക്കുന്നത്. ഇച്ഛാ ശക്തി പകര്‍ന്നു കൊണ്ട ്അവരുടെ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌കി പോരാട്ടങ്ങളുടെ മുന്‍നിരയില്‍ തന്നെയുണ്ട്
റഷ്യയെന്ന വന്‍ശക്തി യുക്രൈന്‍ എന്ന ചെറു രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ചപ്പോള്‍ ലോകം കരുതിയത് രണ്ടു ദിവസത്തിനകം യുക്രൈന്‍ സൈന്യത്തെ നിലംപരിശാക്കി റഷ്യ പിടിച്ചടക്കല്‍ നടത്തുമെന്നാണ്. ഇരു രാജ്യങ്ങളുടെയും സൈനിക ശക്തി വിലയിരുത്തിയാല്‍ ആര്‍ക്കും അങ്ങിനെ മാത്രമേ ചിന്തിക്കാനാവൂ.
സൈനിക ശക്തിയില്‍ യുക്രൈനേക്കാള്‍ റഷ്യ ഏറെ മുന്നിലാണ്. റഷ്യയുടെ സൈനികരുടെ എണ്ണം 7,74,500 യുക്രൈന്റെത് 1,39,000. പോര്‍വിമാനങ്ങള്‍ റഷ്യയുടേത് 3000വും യുക്രൈയിന്റേത് വെറും 400 എണ്ണവുമാണ്. പോര്‍ കോപ്റ്ററുകള്‍ - റഷ്യയ്ക്ക് 544 എണ്ണം, യുക്രൈന്‍ 34 എണ്ണം. ടാങ്കുകള്‍ - റഷ്യയുടെ കൈയില്‍ 15,500, യുക്രൈന്‍ 4112 എണ്ണം. കവചിത വാഹനങ്ങള്‍ - റഷ്യയുടേത് 30,122 എണ്ണം. യുക്രൈയിന്റെ കൈയില്‍ 12,303 എണ്ണം. പീരങ്കികള്‍ - 14,396 എണ്ണം റഷ്യയുടെ പക്കലുള്ളപ്പോള്‍ വെറും 2829 എണ്ണം മാത്രമാണ് യുക്രൈന്റെ പക്കലുള്ളത്.
റഷ്യയുടെ പക്കല്‍ 352 യുദ്ധക്കപ്പലുകളുള്ളപ്പോള്‍ , യുക്രൈന്റെ പക്കല്‍ 25 എണ്ണം മാത്രമാണുള്ളത്. . ആണവായുധം 1480 എണ്ണമാണ് റഷ്യയുടെ പക്കലുള്ളത്. യുക്രൈന്റെ കൈയില്‍ ആണവായുധമേയില്ല. 60 അന്തര്‍വാഹിനികളാണ് റഷ്യയുടെ പക്കലുള്ളത്. എന്നാല്‍ ഒരെണ്ണം മാത്രമാണ് യുക്രൈയിന്റെ പക്കലുളളത്. എന്നിട്ടും തോല്‍ക്കാതെ യുക്രൈന്‍ പോരാടുകയാണ്. വര്‍ഷാരവം പോലെ നിന്ന കൗരവപ്പടയോട് പൊരുതി ജയിച്ച പാണ്ഡവരുടെ കഥയാണ് ഓര്‍മ്മ വരുന്നത്.
അതിജീവനത്തിനായി ഒരു രാജ്യം പോരാട്ടത്തിന്റെ പാതയില്‍ പിടിച്ചു നില്‍ക്കുമ്പോള്‍ നാമൊരു കാര്യം ചിന്തിക്കേണ്ടതുണ്ട്. യുദ്ധം എന്തിനാണ്? കൊന്നും നശിപ്പിച്ചും തള്ളുന്ന ആ വാശിയുടെ കളി ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും നാം തുടര്‍ന്നു പോരേണ്ടതുണ്ടോ? ഭരണാധികാരികള്‍ തമ്മിലുള്ള വാശിയും വക്കാണങ്ങളും യുദ്ധമെന്ന നീച പ്രവര്‍ത്തിയിലേക്ക് കൊണ്ടു ചെന്നെത്തിക്കുമ്പോള്‍ ഒന്നും അറിയാത്ത അവിടുത്തെ ജനങ്ങളാണ് അതിന്റെ കെടുതികള്‍ അനുഭവിക്കുന്നത്.
കൊന്നൊടുക്കുക, നശിപ്പിക്കുക.. അതു മാത്രമേ യുദ്ധമുഖത്തുള്ളൂ. മാനവികതകള്‍ മരവിച്ചു പോകുന്നു. യുദ്ധം തുടങ്ങി ഏഴാം നാള്‍ യുക്രൈനിലെ സപ്രോഷ്യ ആണവ നിലയിത്തിനു നേരെ റഷ്യ വ്യോമാക്രമണം നടത്തി. തലനാരിഴക്കാണ് നിലയം രക്ഷപ്പെട്ടത്്. സമീപത്തു നിന്നു തീ പടര്‍ന്നപ്പോള്‍ യുക്രൈന്‍ സൈന്യം സമയോചിതമായി ഇടപെട്ട് തീയണച്ചു. അല്ലെങ്കില്‍ ആണവ വികിരണത്തില്‍ യുക്രൈന്റെ ചിത്രം മറ്റൊന്നാകുമായിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന ചെര്‍ണോബില്‍ ആണവദുരന്തത്തിന്റെ ദുരിതങ്ങള്‍ ഇന്നും പേറുന്നവരാണ് യുക്രൈനികള്‍.
യുദ്ധം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. പിടിച്ചടക്കലുകളുടെ കഥ പണ്ട് രാജ്യ ഭരണ കാലത്തേ ഉണ്ടല്ലോ? എന്നാല്‍ അന്നത്തെ യുദ്ധത്തിനു കുറച്ചു കൂടി നീതിയും നെറിയുമുണ്ടായിരുന്നു. ഇരു രാജ്യങ്ങളുടെയും പടയാളികളാണ് ഏറ്റു മുട്ടിയിരുന്നത്. അവര്‍ വെട്ടിയും കൊന്നും തീരും. ശക്തിയില്‍ മികച്ചു നില്‍ക്കുന്നവര്‍ ജയിക്കും. എന്നാല്‍ നൂതന കാലത്തെ യുദ്ധം അതല്ലല്ലോ. ബോംബ് വര്‍ഷത്തില്‍ നിഷ്‌കളങ്കരായ , ഒന്നുമറിയാത്ത മനുഷ്യര്‍ കൂട്ടക്കൊല ചെയ്യപ്പെടുന്നു. അവര്‍ എന്തു പിഴച്ചു?
സര്‍വ നാശത്തിനായി ആണവായുധങ്ങളെ വെല്ലുന്ന അത്യാധുനിക ബോംബുകള്‍ നിര്‍മിച്ച് മത്സരിക്കുകയാണ് അമേരിക്കയും റഷ്യയും. എല്ലാ ബോംബുകളുടെയും മാതാവ് എന്നു പറഞ്ഞ് (Mother of All Bombs (MOAB) അമേരിക്ക നിര്‍മിച്ചു. ഇതിനെയും വെല്ലുന്ന എല്ലാ ബോംബുകളുടെയും പിതാവിനെ (Father of All Bombs (FOAB) എന്ന പേരില്‍ അടുത്ത കാലത്ത് റഷ്യയും നിര്‍മിച്ചു. ആണവായുധത്തിനു സമാനമായ പ്രഹര ശേഷിയുണ്ട് എഫ്ഒഎബിക്ക്. യുക്രൈനു നേരെ റഷ്യ എഫ്ഒഎബി പ്രയോഗിക്കുമോ എന്ന ഭയം നാറ്റോയ്ക്കുണ്ട്.
സര്‍വ്വനാശങ്ങള്‍ക്കായുള്ള ഈ കളി എന്നു തീരും. പടക്കോപ്പുകള്‍ക്കും യുദ്ധങ്ങള്‍ക്കുമായി ചിലവഴിക്കുന്ന പണവും അദ്ധ്വാനവും മനുഷ്യ നന്മക്കായി ഉപയോഗിക്കാന്‍ നമുക്കാവണം. ആകുലതകളില്ലാതെ ചിരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യന്മാരുള്ള ലോകവും നാളെകളുമാണ് നമുക്ക് വേണ്ടത്. ഹൃദയ പുഷ്പം വിടരട്ടെ.... നന്മകളിലേക്കാവട്ടെ ലോകത്തിന്റെ വരും നാളുകളിലെ ചിന്തകള്‍