കോഴിക്കോട്:കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയുവില്‍ യുവതിയെ പീഡിപ്പിച്ച ജീവനക്കാരനെ മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തു. വില്യാപ്പള്ളി മയ്യന്നൂര്‍, കുഴിപ്പറമ്പത്ത് ശശീന്ദ്രനെ (55)യാണ് അറസ്റ്റ് ചെയ്തത്. സംഭവത്തിനു ശേഷം വിനോദയാത്ര പോയിരിക്കുകയായിരുന്നു ശശീന്ദ്രന്‍. ഇന്നു രാവിലെ നഗരത്തില്‍ എത്തിയപ്പോഴാണ് എസി കെ.സുദര്‍ശന്‍, ഇന്‍സ്‌പെക്ടര്‍ എം.എല്‍.ബെന്നിനാലും ചേര്‍ന്ന് കസ്റ്റഡിയില്‍ എടുത്തത്. സംഭവത്തില്‍ ജീവനക്കാരനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ശനിയാഴ്ചയാണ് തൈറോയ്ഡ് ശസ്ത്രക്രിയ കഴിഞ്ഞ് സര്‍ജിക്കല്‍ ഐസിയുവിന് പുറത്ത് വിശ്രമിക്കുകയായിരുന്ന യുവതിയെ മെഡിക്കല്‍ കോളേജ് അറ്റന്റര്‍ പീഡിപ്പിച്ചത്. അര്‍ദ്ധബോധാവസ്ഥയിലായിരുന്ന യുവതിക്ക് പ്രതികരിക്കാനാകുമായിരുന്നില്ല. എന്നാല്‍ പിന്നീട് യുവതി ബന്ധുക്കളോട് താന്‍ നേരിട്ട പീഡനത്തെക്കുറിച്ച് പറയുകയും ബന്ധുക്കള്‍ പൊലീസിനെ അറിയിക്കുകയുമായിരുന്നു.