പമ്പ: ഏറെക്കാലമായുള്ള അനിശ്ചിതത്വങ്ങള്‍ക്കും തര്‍ക്കങ്ങള്‍ക്കും വിരാമമിട്ട് ശബരിമലയില്‍ റോപ് വേ പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍. വനംവകുപ്പിന്റെ എതിര്‍പ്പ് ഉള്‍പ്പെടെ പരിഹരിച്ചുകൊണ്ടും ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം ഭൂമി നല്‍കിയുമാണ് സര്‍ക്കാര്‍ ശബരിമലയില്‍ നടപ്പാക്കുന്ന റോപ് വേ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. ശബരിമലയില്‍ ഏറ്റെടുക്കുന്ന വനഭൂമിക്ക് പകരം റവന്യു ഭൂമി നല്‍കുന്നതിനുള്ള നിര്‍ണായക ഉത്തരവും സര്‍ക്കാര്‍ പുറത്തിറക്കി.
വര്‍ഷങ്ങളായി ഭൂമി തര്‍ക്കം ഉള്‍പ്പെടെ നിലനില്‍ക്കുന്നതിനെ തുടര്‍ന്ന് നിലച്ചുപോയ പദ്ധതിക്കാണിപ്പോള്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ ജീവന്‍വെച്ചത്. പദ്ധതിക്കായി 4.5336 ഹെക്ടര്‍ വനഭൂമിയാണ് ഏറ്റെടുക്കുന്നത്. ഇതിന് ബദലമായി കൊല്ലം പുനലൂര്‍ താലൂക്കിലെ 4.5336 ഹെക്ടര്‍ റവന്യു ഭൂമിയാണ് വനംവകുപ്പിന് കൈമാറുന്നത്. റവന്യു ഭൂമിയുടെ ഉടമസ്ഥാവകാശം സംസ്ഥാന വനംവകുപ്പിന്റെ പേരില്‍ പോക്കുവരവ് ചെയ്തു നല്‍കുന്നതിനായി കൈമാറികൊണ്ടാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥ വ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശ പ്രകാരം പരിഹാര വനവത്കരണത്തിനായിട്ടാണ് ഈ ഭൂമി വനംവകുപ്പിന് കൈമാറുന്നത്. റോപ് വേ പദ്ധതി നടപ്പാക്കുന്നതിലെ തര്‍ക്കം പരിഹരിക്കാന്‍ മന്ത്രി വിഎന്‍ വാസവന്‍ ഇതുവരെയായി 16 തവണയാണ് യോഗം വിളിച്ചിരുന്നത്.
പതിറ്റാണ്ടുകള്‍ മുമ്പ് പ്രഖ്യാപിച്ച റോപ് വേ പദ്ധതിയുടെ തറക്കല്ലിടല്‍ ഈ തീര്‍ത്ഥാടന സീസണില്‍ തന്നെ നിര്‍വഹിക്കനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ശബരിമലയില്‍ റോപ് വേ നിര്‍മ്മാണത്തിനുള്ള സര്‍വേ നേരത്തെ ആരംഭിച്ചിരുന്നു. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് പ്രാഥമിക രൂപരേഖ അടിസ്ഥാനമാക്കി വിവിധ വകുപ്പുകള്‍ ചേര്‍ന്ന് പരിശോധന ആരംഭിച്ചിരുന്നത്. പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള ചരക്കുനീക്കത്തിനും അത്യാവശ്യ ഘട്ടങ്ങളില്‍ ആംബുലന്‍സ് സര്‍വീസായും റോപ് വേ ഉപയോഗിക്കാനാകും.
പമ്പ ഹില്‍ടോപ്പില്‍ നിന്ന് തുടങ്ങി മാളികപ്പുറം പൊലീസ് ബാരക്കിന് സമീപം അവസാനിക്കും വിധമാണ് നിര്‍ദ്ദിഷ്ട റോപ് വേ. പമ്പയ്ക്കും സന്നിധാനത്തിനുമിടയില്‍ 60 മീറ്റര്‍ പൊക്കത്തില്‍ അഞ്ച് ടവറുകളാണ് നിര്‍മിക്കേണ്ടത്. 12 മീറ്റര്‍ വീതിയിലായിരിക്കും റോപ് വേ. ടവറുകള്‍ ഉയരംകൂട്ടി നിര്‍മ്മിക്കുന്നതിനാല്‍ വനത്തിലെ 50 മരങ്ങള്‍ മാത്രം മുറിച്ചുമാറ്റിയാല്‍ മതി. പദ്ധതി പൂര്‍ത്തിയാക്കുമ്പോള്‍ സന്നിധാനത്തേക്കുള്ള ചരക്കുനീക്കം അപകടരഹിതമാകും.. 2.8 കിലോമീറ്റര്‍ നീളംവരുന്ന റോപ് വേ നിര്‍മ്മാണത്തിന് 150 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 2011 ലാണ് റോപ് വേ നിര്‍മ്മാണത്തിന് നടപടി തുടങ്ങിയത്. 19ല്‍ ആദ്യസര്‍വേ നടന്നെങ്കിലും വനംവകുപ്പ് എതിര്‍ത്തു. പുതുക്കിയ അലൈന്‍മെന്റ് വനംവകുപ്പിനും സ്വീകാര്യമാണ്.