യുക്രൈനെതിരെ റഷ്യ ബോംബുകളുടെ പിതാവിനെ (Father of All Bombs (FOAB) പ്രയോഗിക്കുമോ എന്ന ഭയപ്പാടിലാണ് ലോകം. ആണവായുധങ്ങളോട് കിടപിടിക്കുന്ന ഏറ്റവും മാരകമായ പ്രഹര ശേഷിയുള്ള ആണവേതര ബോംബാണ് എഫ്ഒഎബി. അമേരിക്ക നിര്‍മ്മിച്ച 'എല്ലാ ബോംബുകളുടേയും മാതാവി' (Mother of All Bombs (MOAB) നേക്കാള്‍ ഏറെ ഭീകരമാണ് എഫ്.ഒ.എ.ബി. എഫ്.ഒ.എ.ബിക്ക് എം.ഒ.എ.ബിയേക്കാള്‍ നാലിരട്ടി പ്രഹരശേഷിയുണ്ട്.
റഷ്യ - യുക്രൈന്‍ യുദ്ധത്തില്‍ യുക്രൈനെ വിറപ്പിക്കാന്‍ വേണ്ടി എഫ്.ഒ.എ.ബി ഉപയോഗിക്കാന്‍ ഇതിനകം തന്നെ സൈനികര്‍ക്ക് പുതിന്‍ ഉത്തരവ് നല്‍കിയതായി പ്രതിരോധവൃത്തങ്ങളെ ഉദ്ധരിച്ച് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുദ്ധ വിമാനങ്ങളില്‍ നിന്ന് ഉപയോഗിക്കാന്‍ പാകത്തിലുള്ളതാണ് എഫ്ഒഎബി. വ്യാപക നാശനഷ്ടങ്ങളുണ്ടാക്കാന്‍ പാകത്തിലുള്ള ഈ ബോംബ് 44 ടണ്ണിലധികം ടി.എന്‍.ടിക്ക് തുല്യമായ സ്ഫോടന ശേഷിയുണ്ട്. ജെറ്റ് വിമാനത്തില്‍ നിന്ന് താഴേക്കിടുമ്പോള്‍ അന്തരീക്ഷത്തില്‍ തന്നെ ഇത് പൊട്ടിത്തെറിക്കുകയും ആണവായുധത്തിന് സമാനമായ പ്രഹര ശേഷിക്കിടയാക്കുകയും ചെയ്യും. 2007ലാണ് റഷ്യ ആദ്യമായി എഫ്.ഒ.എ.ബി പരീക്ഷിക്കുന്നത്.
യുക്രൈനെതിരെ റഷ്യന്‍ നീക്കമുണ്ടായപ്പോള്‍ ശക്തമായി പ്രതികരിച്ച നാറ്റോ സഖ്യ രാജ്യങ്ങളൊക്കെ ഇപ്പോള്‍ ഇടപെടാതിരിക്കുന്നത് റഷ്യയെ പ്രകോപിപ്പിച്ചാല്‍ എഫ്ഒഎബി യുക്രൈനില്‍ പ്രയോഗിക്കുമോ എന്നു ഭയന്നാണ്.
യുക്രൈനും റഷ്യയുമായുള്ള സംഘര്‍ഷത്തില്‍ മറ്റു രാജ്യങ്ങള്‍ പക്ഷം ചേര്‍ന്ന് ഇടപെടേണ്ടതില്ലെന്നും അങ്ങിനെ ഇടപെട്ടാല്‍ കനത്ത ആഘാതമേല്‍ക്കേണ്ടി വരുമെന്നും റഷ്യന്‍ പ്രസിഡന്റ് പുടിന്‍ നേരത്തെ തന്നെ മുന്നറിയിപ്പു നല്‍കിയിട്ടുമുണ്ട്.