പ്രേക്ഷക ശ്രദ്ധ നേടി 'ജയ് ഭീം'
രാജ്യത്ത് ആദിവാസി - ദളിത് വിഭാഗങ്ങളിലെ മനുഷ്യര്‍ക്ക് നേരെ ഭരണകൂടവും വരേണ്യവര്‍ഗ്ഗവും നടത്തുന്ന അതിക്രമങ്ങളുടെ നേര്‍ചിത്രമാണ് കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടി ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ് ഭീം എന്ന തമിഴ് ചിത്രം. ഒ ടി ടി യിലൂടെ റിലീസ് ചെയ്ത ചിത്രം ഇതിനോടകം ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിക്കഴിഞ്ഞു.
മുന്നോട്ട് വയ്ക്കുന്ന പ്രമേയത്തിന്റെയും അതിന്റെ സാമൂഹിക രാഷ്ട്രീയ പ്രാധാന്യത്തിന്റെയും പ്രത്യേകതകള്‍ കൊണ്ട് ഇന്ത്യന്‍ സിനിമയിലെ എണ്ണം പറഞ്ഞ സിനിമകളിലൊന്നായി ജ്ഞാനവേല്‍ സംവിധാനം ചെയ്ത ജയ് ഭീം മാറിക്കഴിഞ്ഞു. തമിഴ്‌നാട്ടിലെ കമ്മപുരം ഗ്രാമത്തില്‍ നടന്ന യഥാര്‍ത്ഥ സംഭവത്തെയാണ് സിനിമ ഇതിവൃത്തമാക്കിയിരിക്കുന്നത്.
ഇരുളര്‍ ആദിവാസി വിഭാഗത്തില്‍പ്പെട്ട രാജാക്കണ്ണെന്ന യുവാവിന് നേരെ തമിഴ് നാട് പൊലീസ് നടത്തിയ ക്രൂരതയ്ക്കെതിരെ, ഭാര്യ സെന്‍ഗിണി നടത്തുന്ന നിശ്ചയദാര്‍ഢ്യത്തോടെയുള്ള പോരാട്ടത്തിന്റെയും ആ പോരാട്ടത്തിന് കമ്മ്യൂണിസ്റ്റായ അഭിഭാഷകന്‍ ചന്ദ്രുവും സിപിഐഎമ്മും നല്‍കിയ പിന്തുണയുടെയും കഥയാണ് സിനിമ പറയുന്നത്. തമിഴ്‌നാട്ടില്‍ ആദിവാസി -ദളിത് വിഭാഗങ്ങളിലെ മനുഷ്യര്‍ക്ക് നേരെ ഭരണകൂടവും വരേണ്യവര്‍ഗ്ഗവും ഇന്നും നടത്തുന്ന അനീതികളുടെ ആയിരക്കണക്കിന് ഉദാഹരണങ്ങളില്‍ ഒന്നാണ് രാജാക്കണ്ണിന്റെ അനുഭവം.
1993 ല്‍ സി പി ഐ (എം) കമ്മപുരം താലൂക്ക് സെക്രട്ടറിയോട്, തന്റെ ഭര്‍ത്താവ് രാജാക്കണ്ണിന്റെ തിരോധനത്തെ പറ്റി പരാതി കൊടുക്കാന്‍ ഭാര്യ പാര്‍വതി എത്തുന്നത് മുതലാണ് രാജാക്കണ്ണ് തിരോധാന കേസിന്റെ ആരംഭം. കമ്മപുരം പൊലീസ് സ്റ്റേഷനു മുന്നില്‍ സി പി ഐ (എം) താലൂക്ക് സെക്രട്ടറിയായിരുന്ന രാജാമോഹന്റെ നേതൃത്വത്തില്‍ തുടര്‍ച്ചയായി നടത്തിയ സമരങ്ങള്‍ക്ക് ശേഷം തമിഴ്‌നാട് സ്റ്റേറ്റ് കമ്മറ്റി വിഷയം ഏറ്റെടുത്തു.
ഇപ്പോള്‍ സി പി ഐ എം പിബി അംഗമായിട്ടുള്ള ജി രാമകൃഷ്ണന്‍, ആ കുടുംബത്തെ മദ്രാസിലേക്ക് വിളിക്കുകയും അഭിഭാഷകനും പിന്നീട് ഹൈക്കോടതി ജഡ്ജിയായും മാറിയ ചന്ദ്രുവിനെ കേസ് ഏല്പിക്കുകയും ചെയ്തു. കമ്മ്യൂണിസ്റ്റായ ചന്ദ്രു കോടതിയ്ക്കകത്തും സിപിഐഎം കോടതിയ്ക്ക് പുറത്തും നടത്തിയ ഇടപെടലിന്റെയും സമരങ്ങളുടെയും ഫലമായി നേടിയെടുത്ത നീതിയുടെ ചലച്ചിത്രാവിഷ്‌കാരമാണ് 'ജയ് ഭീം.'
പ്രമേയത്തിനൊപ്പം അഭിനേതാക്കളുടെ പ്രകടനം കൊണ്ടും ജയ് ഭീം ശ്രദ്ധേയമാകുന്നു. അഭിഭാഷകനായ ചന്ദ്രു എന്ന കഥാപാത്രത്തെ നടന്‍ സൂര്യ അവിസ്മരണീയമാക്കിയപ്പോള്‍ സെന്‍ഗിണിയായി വേഷമിട്ട മലയാള നടി ലിജോമോളും രാജാക്കണ്ണായി അഭിനയിച്ച നടന്‍ കെ. മണികണ്ഠനും മൈത്ര എന്ന അധ്യാപികയായി വേഷമിട്ട രജീഷ വിജയനും പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റി.
ഫീസ് നല്‍കാന്‍ പണമില്ലെന്ന് പറയുന്ന സെന്‍ഗിണിയോട് നിങ്ങളെ പോലുള്ളവര്‍ക്ക് നീതി കിട്ടുന്ന ദിവസം തനിക്ക് സുഖമായി ഉറങ്ങാന്‍ കഴിയുമെന്നും അതാണ് തനിക്കുള്ള ഫീസെന്നും മറുപടി നല്‍കുന്നുണ്ട് അഡ്വ. ചന്ദ്രു. സിപിഐഎമ്മിന്റെ മൂന്നാറിലെ പാര്‍ട്ടി ഓഫീസിന്റെ മുന്നിലിരുന്നാണ് ചന്ദ്രു അത് പറയുന്നത്.
സമത്വത്തിന്റെയും സാമൂഹ്യനീതിയുടെയും ആശയങ്ങള്‍ ലോകത്തിന് സമ്മാനിച്ച മാര്‍ക്‌സിന്റെയും ലെനിന്റെയും അംബേദ്ക്കറുടെയും സാന്നിധ്യം സിനിമയില്‍ ആദ്യാവസാനം നിറഞ്ഞുനില്ക്കുന്നുണ്ട്. എന്തുകൊണ്ട്ചിത്രത്തില്‍ സിപിഐഎമ്മിന് ഇത്രയേറെ പ്രാധാന്യം നല്‍കിയിരിക്കുന്നുവെന്ന ചോദ്യത്തിന് സംവിധായകന്‍ നല്‍കുന്ന മറുപടി ഒരു യഥാര്‍ത്ഥ സംഭവം സിനിമയാക്കുമ്പോള്‍, അതിനോട് 100 ശതമാനം നീതികാണിക്കേണ്ടതുണ്ട് എന്നാണ്.
മധ്യവര്‍ഗ്ഗ താല്‍പ്പര്യങ്ങളെ താലോലിക്കുന്ന ഫീല്‍ ഗുഡ് സിനിമ സങ്കല്‍പ്പങ്ങള്‍ക്ക് ബദലായി സമൂഹത്തിനു നേരെ പിടിച്ച കണ്ണാടിയാണ് ജയ് ഭീം എന്ന ചലച്ചിത്രം.