ജയ്പൂര്‍ അമേര്‍ വാച്ച് ടവറില്‍ സെല്‍ഫി എടുക്കുന്നതിനിടെ 11 പേര്‍ ഇടിമിന്നലേറ്റ് മരിച്ചു
ജയ്പൂര്‍: വാച്ച് ടവറില്‍ സെല്‍ഫി എടുക്കുന്നതിനിടെ മിന്നലേറ്റ് പതിനൊന്ന് പേര്‍ മരിച്ചു. കനത്ത മഴയെ വകവെക്കാതെ സെല്‍ഫിയെടുക്കാനായി ജയ്പൂരിലെ അമേര്‍ കൊട്ടാരത്തിലെ വാച്ച് ടവറിലെത്തിയവരാണ് ദുരന്തത്തിനിരയായത്.
ഇന്നലെ വൈകിട്ടാണ് സംഭവം. ഇടിമിന്നലേല്‍ക്കുമ്പോള്‍ വാച്ച് ടവറില്‍ നിരവധിപ്പേരുണ്ടായിരുന്നു. ടവറിന് ഏറ്റവും മുകളിലുണ്ടായിരുന്നത് 27 പേരാണ്. കുറച്ച് പേര്‍ ഇടിമിന്നലേറ്റാണ് മരിച്ചതെങ്കില്‍, ബാക്കിയുള്ളവര്‍ ഭയന്ന് ടവറില്‍ നിന്ന് ചാടിയതിനെത്തുടര്‍ന്നുണ്ടായ പരിക്കുകളെത്തുടര്‍ന്നാണ് മരിച്ചതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി അശോക് ഗെലോട്ട് ് 5 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു.
വാച്ച്ടവര്‍ ദുരന്തത്തിന് പുറമേ ഇടിമിന്നലേറ്റ് രാജസ്ഥാനിലെ പല ഭാഗങ്ങളില്‍ നിന്നായി ഏഴ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മരിച്ചവരില്‍ ഏഴ് പേര്‍ കുട്ടികളാണെന്ന് ദില്ലി ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു. ജാല്‍വാര്‍, കോട്ട, ധോല്‍പൂര്‍ എന്നീ ജില്ലകളിലാണ് ഇടിമിന്നലേറ്റ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
രാജസ്ഥാനില്‍ കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴയാണ്. തിങ്കളാഴ്ച അടക്കം സംസ്ഥാനത്തെമ്പാടും വ്യാപകമായി കനത്ത മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്.