പത്തനംതിട്ട: ശബരിമലയില്‍ ദര്‍ശനസമയം ഇനിയും വര്‍ധിപ്പിക്കാന്‍ കഴിയില്ലെന്ന് തന്ത്രി കണ്ഠരര് രാജീവര്. തിരക്കു പരിഗണിച്ച് നിലവില്‍ ഒരു മണിക്കൂര്‍ ദര്‍ശനസമയം ദീര്‍ഘിപ്പിച്ചതിനാല്‍ ഇനി വര്‍ധിപ്പിക്കുക..
ബുദ്ധിമുട്ടാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇന്ന് ഒരു ലക്ഷത്തിനു മുകളില്‍ ഭക്തരെത്തും. ഈ മണ്ഡലകാലത്തെ ഏറ്റവും ഉയര്‍ന്ന ബുക്കിങ്ങാണിത്. 1,07,260 പേരാണ് ഇന്ന് ദര്‍ശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. ഈ മണ്ഡലകാലത്ത് ഇത് രണ്ടാം
തവണയാണ് ഒരു ലക്ഷത്തിന് മുകളില്‍ ഭക്തര്‍ എത്തുന്നത്. ഇന്നലെ തിക്കിലും തിരക്കിലും പെട്ട് കുട്ടികള്‍ക്ക് അടക്കം പരുക്കേറ്റതോടെ ഹൈക്കോടതി പ്രത്യേക സിറ്റിങ് നടത്തുകയും ദര്‍ശനം ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിക്കാന്‍ ആവശ്യപ്പെട്ടുകയും ചെയ്തു. എന്നാല്‍ ഇന്നലെ തന്നെ ഒരു മണിക്കൂര്‍
ദീര്‍ഘിപ്പിച്ചതിനാല്‍ ഇനി വര്‍ധിപ്പിക്കാന്‍ ഇടയില്ല.
കഴിഞ്ഞ കാലങ്ങളില്‍ പതിനെട്ടാം പടി കയറ്റിവിടുന്നവരുടെ എണ്ണം മിനുട്ടില്‍ 90 ആയിരുന്നു. എന്നാല്‍ ഈ തവണ 35 - 40 ആണ്. ഇതാണ് തിരക്ക് വര്‍ധിക്കാന്‍ കാരണം. സന്നിധാനത്ത് എത്തുന്നവരുടെ എണ്ണം 85,000 ആയി കുറയ്ക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇത് അടക്കമുള്ള വിഷയങ്ങള്‍ ഇന്ന് മുഖ്യമന്ത്രി അധ്യക്ഷതയില്‍ ചേരുന്നന്ന യോഗത്തില്‍ തീരുമാനമെടുക്കും. പതിനെട്ടാംപടി കയറാന്‍ 13 മണിക്കൂറില്‍ കൂടുതല്‍ തീര്‍ഥാടകര്‍ കാത്തുനില്‍ക്കുമ്പോഴും ദര്‍ശനത്തിനു മേല്‍പാലത്തിലേക്കും തിരുനടയിലേക്കുമുള്ള വരികളില്‍ തിരക്കില്ല. തിരക്കു നിയന്ത്രണത്തില്‍ പൊലീസിനു പറ്റിയ പാളിച്ചയുടെ തെളിവാണിതെന്നു പരാതിയുണ്ട്. ആദ്യ 2 ബാച്ചിനെ അപേക്ഷിച്ച് ഇത്തവണ പതിനെട്ടാംപടി ഡ്യൂട്ടിക്കു നിയോഗിച്ച പൊലീസ് സംഘത്തിന്റെ പ്രവര്‍ത്തനം പോരെന്നാണു പരാതി. ആദ്യത്തെ രണ്ട് ബാച്ചുകളും മിനിറ്റില്‍ 65 - 70 പേരെ
പതിനെട്ടാംപടി കയറ്റി വിടുമായിരുന്നു. ഇപ്പോള്‍ തിരക്കുള്ള ദിവസങ്ങളില്‍ പോലും മിനിറ്റില്‍ 35 - 40 പേര്‍ മാത്രമാണ് പതിനെട്ടാം പടി കയറുന്നത്.