കോഴിക്കോട് ഗാന്ധി റോഡ് മേല്‍പ്പാലം മുതല്‍ ലയണ്‍സ് പാര്‍ക്ക് വരെയുള്ള 4 ഏക്കറോളമുള്ള കടല്‍ത്തീരം പ്രയോജനപ്പെടുത്തിയാണ് പാര്‍ക്കിംഗ് സംവിധാനം ഒരുക്കുന്നത്. വിദേശ രാജ്യങ്ങളിലെ മാതൃകയില്‍ നിര്‍മിക്കുന്ന ഓപ്പണ്‍ പാര്‍ക്കിംഗ് സംവിധാനം കോഴിക്കോട് കോര്‍പ്പറേഷനും കേരള മാരിടൈം ബോര്‍ഡും സംയുക്തമായാണ് നടപ്പിലാക്കുന്നത്. 700 കാറുകള്‍ക്ക് ഒരേ സമയം പാര്‍ക്ക് ചെയ്യാനാവും. ഇതിനുള്ള ധാരണാപത്രം ഒപ്പു വെച്ചു. സിറ്റി ട്രാഫിക് എസ് ഐ ആയിരുന്ന മനോജ് ബാബുവാണ് പദ്ധതിയുടെ രൂപരേഖ തയ്യാറാക്കിയത്.
പാര്‍ക്കിംഗിനൊപ്പം ഇലക്ട്രിക് ചാര്‍ജിംഗ് സ്റ്റേഷന്‍, ഫുഡ് കോര്‍ട്ട്, മീന്‍ വിപണന കേന്ദ്രം, ശുചിമുറി, പൂന്തോട്ടം എന്നിവയും നിര്‍മിക്കും. സുരക്ഷ ഉറപ്പാക്കാന്‍ സിസിടിവികളും സ്ഥാപിക്കും. ഒന്നരക്കോടി രൂപ ചെലവില്‍ 6 മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് കരുതുന്നത്. പദ്ധതിയുടെ ചെലവും വരുമാനവും കോഴിക്കോട് കോര്‍പ്പറേഷനും മാരി ടൈം ബോര്‍ഡും ചേര്‍ന്നാണ് പങ്കിടുക. തിരക്കേറിയ ബീച്ചായതിനാല്‍ ഒരു വര്‍ഷം കൊണ്ട് മുടക്ക് മുതല്‍ തിരിച്ചു കിട്ടുമെന്നാണ് പ്രതീക്ഷ. സമാന രീതിയില്‍ കോനാട് ബീച്ചില്‍ ലോറികള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവും പിന്നീട് ഒരുക്കും.