ചെന്നൈ: ലക്ഷങ്ങള്‍ വിലയുള്ള ആഭരണങ്ങളും വജ്രങ്ങളും കാണാനില്ലെന്ന പരാതിയുമായി നടന്‍ രജനീകാന്തിന്റെ മകള്‍ ഐശ്വര്യ രജനീകാന്ത് പൊലീസില്‍ പരാതി നല്‍കി. തേനാംപേട്ട് പൊലീസ് സ്റ്റേഷനിലാണ് ഐശ്വര്യ പരാതി നല്‍കിയത്. ഇവരുടെ ചെന്നൈയിലെ വീട്ടില്‍ നിന്ന് ലോക്കറില്‍ സൂക്ഷിച്ചിരുന്ന 60 പവന്‍ സ്വര്‍ണവും വജ്രാഭരണങ്ങളും കാണാതായെന്നാണ് പരാതിയില്‍ പറയുന്നത്. ആഭരണങ്ങള്‍ എല്ലാം സൂക്ഷിച്ചത് ലോക്കറിലാണെന്നും തന്റെ വീട്ടിലെ അംഗങ്ങള്‍ക്കും ജീവനക്കാര്‍ക്കും ഇതേ കുറിച്ച് അറിയാമെന്നും പരാതിയില്‍ പറയുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ തെയ്‌നാംപേട്ട് പോലീസ് ഐ പി സി സെക്ഷന്‍ 381 പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തന്റെ സഹോദരി സൗന്ദര്യയുടെ 2019ല്‍ നടന്ന വിവാഹത്തിനാണ് ഈ അഭരണങ്ങല്‍ അവസാനമായി അണിഞ്ഞത്. വിവാഹം കഴിഞ്ഞതിന് ശേഷം തന്റെ കൈവശമുള്ള ലോക്കറിലാണ് ഈ ആഭരണങ്ങള്‍ സൂക്ഷിച്ചതെന്നും ഐശ്വര്യ പരാതിയില്‍ അറിയിച്ചു.
് അതേസമയം, ഈ ലോക്കര്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ മുന്‍ ഭര്‍ത്താവ് ധനുഷിന്റെ അപ്പാര്‍ട്ട്മെന്റിലേക്കും പിന്നീട് ഐശ്വര്യയുടെ അപ്പാര്‍ട്ട്മെന്റിലേക്കും മാറ്റിയിരുന്നു. 2021ല്‍ ആയിരുന്നു ഐശ്വര്യയുടെ അ്പ്പാര്‍ട്ട്മെന്റിലേക്ക് മാറ്റിയത്. കഴിഞ്ഞ വര്‍ഷം പിതാവ് രജനീകാന്തിന്റെ വീട്ടിലേക്കും ഈ ലോക്കര്‍ മാറ്റിയിരുന്നു. എന്നാല്‍ ലോക്കറിന്റെ താക്കോല്‍ ഐശ്വര്യയുടെ കൈകളിലായിരുന്നു. പുരാതന ശൈലിയുടെ ആഭരണങ്ങളാണ് കാണാതായതെന്നാണ് വിവരം. 3.60 ലക്ഷം രൂപ വിലമതിക്കുന്ന നവരത്നം സെറ്റുകള്‍, വളകള്‍, 60 പവന്‍ സ്വര്‍ണം എന്നിവ മോഷണം പോയിട്ടുണ്ട്. പരാതിയില്‍ രണ്ട് വീട്ടുജാേലിക്കാരെ സംശയമുണ്ടെന്നാണ് ഐശ്വര്യ പറയുന്നത്. അതേസമയം, സംവിധായിക കൂടിയായ ഐശ്വര്യ തന്റെ ഏറ്റവും പുതിയ ചിത്രം ലാല്‍സാലിന്റെ ചിത്രീകരണ തിരക്കിലാണ്. അതിനിടെയാണ് മോഷണ പരാതിയുമായി പൊലീസിനെ സമീപിക്കുന്നത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഐശ്വര്യ സംവിധാന മേഖലയിലേക്ക് തിരിച്ചെത്തുന്നത്. വിഷ്ണു വിശാല്‍, വിക്രാന്ത് എന്നിവരാണ് ചിത്രത്തില്‍ പ്രധാന റോളുകളില്‍ എത്തുന്നത്. നവംബര്‍ 5നാണ് ചിത്രത്തിന്റെ പൂജ നടന്നത്.