ടൂള്‍ കിറ്റ് കേസിന്റെ പേരില്‍ വ്യാജ പ്രചരണവും വേട്ടയാടലും നടന്നുവെന്ന് പ്രതിയാക്കപ്പെട്ട മലയാളി അഭിഭാഷക നികിത
മുംബൈ: ടൂള്‍ കിറ്റ് കേസിന്റെ പേരില്‍ വ്യാജപ്രചരണവും വേട്ടയാടലും നടന്നുവെന്ന് അഡ്വക്കേറ്റ് നികിത ജേക്കബ് . ടൂള്‍ കിറ്റിന്റെ ലക്ഷ്യം ആക്രമമോ രാജ്യദ്രോഹമോ അല്ലായിരുന്നുവെന്നും അത് കര്‍ഷക സമരത്തെ സഹായിക്കാന്‍ വേണ്ടി മാത്രമായിരുന്നുവെന്നും നികിത പറഞ്ഞു. 2020 ഓഗസ്റ്റ് മുതല്‍ പരിസ്ഥിതി സംഘടനയായ എക്സ്റ്റിന്‍ഷന്‍ റിബല്യണില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നികിത പറയുന്നു. ഈ സംഘടനയില്‍ ചേര്‍ന്ന ശേഷമാണ് ദിഷ രവിയെ പരിയപ്പെടുന്നത്. പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷനുമായി സൂം മീറ്റിംഗ് നടത്തിയെന്നത് സത്യമാണ്, പക്ഷേ അത് കര്‍ഷക സമരത്തെക്കുറിച്ച് മാത്രമായിരുന്നുവെന്നാണ് നികിതയുടെ വിശദീകരണം.
കര്‍ഷക സമരം പിന്‍വലിച്ചതില്‍ സന്തോഷമുണ്ട്. ശരിയായ ദിശയിലേക്കുള്ള യാത്രയുടെ ആദ്യ പടിയായാണ് ഇതിനെ കാണുന്നത്. ഇനിയും ഒരുപാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും ഗുണമുണ്ടാവുന്ന രീതിയില്‍ ഒരുപാട് മാറ്റങ്ങള്‍ ഇനിയും വരാനുണ്ടെന്ന് പറയുന്നു നികിത.
ടൂള്‍ കിറ്റുമായി ബന്ധപ്പെട്ട ആരോപണങ്ങളെല്ലാം വെറും ആരോപണങ്ങള്‍ മാത്രമാണ്. അതില്‍ വസ്തുതകളൊന്നുമില്ല, കോണ്‍സ്പിരസി തിയറികളും, സൈബര്‍ ബുള്ളിയിംഗും നടന്നു. ഈ ആക്രമണം കാരണമാണ് പ്രശ്‌നങ്ങളെല്ലാം ഉണ്ടായത്. കര്‍ഷക സമരത്തെ കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ മാത്രമാണ് ശ്രമിച്ചത്. ആ ഡോക്യുമെന്റ് വായിച്ചാല്‍ അറിയാം അതില്‍ ആക്രമണത്തെ പ്രോത്സാഹിപ്പിക്കുന്നതായി യാതൊന്നും ഇല്ല. നികിത വ്യക്തമാക്കുന്നു. വിയോജിപ്പ് എന്നത് ഒരു ജനാധിപത്യത്തില്‍ വളരെ അത്യാവശ്യമാണ്. കൂടുതല്‍ പേര്‍ ശബ്ദമുയര്‍ത്തണമെന്നും ജനാധിപത്യത്തെ ഉയര്‍ത്തിപ്പിടിക്കാന്‍ കൂടുതല്‍ പേര്‍ മുന്നോട്ട് വരുമെന്നും നികത പ്രത്യാശ പ്രകടിപ്പിച്ചു.