ഡിഫന്‍സ് അക്കാദമിയിലെ സ്ത്രീപ്രവേശനം ഇനിയും വൈകിപ്പിക്കാനാവില്ല; പ്രവേശന നടപടി ഉടന്‍ വേണമെന്ന് സുപ്രീംകോടതി
ദില്ലി: വനിതകള്‍ക്ക് നാഷണല്‍ ഡിഫന്‍സ് അക്കാദമി പരീക്ഷ നീട്ടിവെയ്ക്കരുതെന്ന് സുപ്രീംകോടതി. ഈ വര്‍ഷം തന്നെ വനിതകളെ പ്രവേശന പരീക്ഷ അനുവദിക്കണമെന്നും സുപ്രീകോടതി പറഞ്ഞു. വനിതകള്‍ക്കുള്ള പ്രവേശന പരീക്ഷ അടുത്ത വര്‍ഷം വരെ നീട്ടിവെക്കാനുള്ള സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. എന്‍ഡിഎയുടെ ആദ്യ വനിതാ ഉദ്യോഗാര്‍ത്ഥികള്‍ അടുത്ത വര്‍ഷം മേയില്‍ പരീക്ഷ എഴുതണമെന്നാണ് സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശം.
നിലവിലെ എന്‍ഡിഎ പ്രവേശന പരീക്ഷയില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തുന്നത് ഒഴിവാക്കാന്‍ പ്രതിരോധ മന്ത്രാലയം നടത്തിയ അഭ്യര്‍ത്ഥനയാണ് കോടതി നിരസിച്ചിട്ടുള്ളത്. സ്ത്രീകളെ ഉള്‍പ്പെടുത്താന്‍ ചില അടിസ്ഥാന സൗകര്യങ്ങളും പാഠ്യപദ്ധതികളും ആവശ്യമാണെന്നും അതിനാല്‍ സ്ത്രീകളെ എന്‍ഡിഎ പ്രവേശന പരീക്ഷയെഴുതിക്കുന്നതിന് 2022 മേയ് വരെ സമയം വേണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, സ്ത്രീകള്‍ക്ക് എന്‍ഡിഎ പ്രവേശന പരീക്ഷയില്‍ പങ്കെടുപ്പിക്കുന്നത് മാറ്റിവയ്ക്കാനാകില്ലെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗളിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് നിരീക്ഷിച്ചത്. അടുത്ത വര്‍ഷത്തേക്കുള്ള പ്രവേശനത്തിനായി ഒരു വര്‍ഷത്തില്‍ എന്‍ഡിഎ രണ്ട് പരീക്ഷകള്‍ നടത്തുന്നുവെന്ന് ഹര്‍ജിക്കാരനായ കുഷ് കല്‍റയ്ക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ചിന്‍മോയ് പ്രദീപ് ശര്‍മ്മ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നുണ്ട്. അതിനാല്‍, 2022 മാത്രം പരീക്ഷയെഴുതാന്‍ സ്ത്രീകളെ അനുവദിക്കുക എന്നതിനര്‍ത്ഥം എന്‍ഡിഎയിലേക്കുള്ള അവരുടെ പ്രവേശനം 2023 ല്‍ മാത്രമേ നടക്കൂ എന്നാണെന്നുമാണ് സര്‍ക്കാര്‍ നല്‍കുന്ന വിവരം.
സ്ത്രീകളുടെ എന്‍ഡിഎ പ്രവേശനം ഒരു വര്‍ഷത്തേക്ക് നീട്ടിവെക്കുക സാധ്യമല്ല. എന്‍ഡിഎ അടിയന്തര സാഹചര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് നല്ല രീതിയില്‍ പരിശീലനം ലഭിച്ചിട്ടുള്ള സേനാവിഭാഗമാണ്. ഈ സാഹചര്യത്തില്‍ സ്ത്രീകളെ പെട്ടെന്ന് എന്‍ഡിഎയില്‍ പ്രവേശിപ്പിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ഒരു പരിഹാര മാര്‍ഗ്ഗം കണ്ടെത്തണമെന്നും സുപ്രീംകോടി ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച കേന്ദ്രസര്‍ക്കാര്‍ ഹര്‍ജിയില്‍ തീര്‍പ്പുകല്‍പ്പിച്ചിട്ടില്ല, ആവശ്യമെങ്കില്‍ കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ക്കായി 2022 ജനുവരിയില്‍ വാദം കേള്‍ക്കും.