ജിഎസ്ടി വര്‍ധന: തീരുമാനം കേരളാ ധനമന്ത്രിയും ഉള്‍പ്പെട്ട ഉപസമിതിയുടേതെന്ന് കേന്ദ്രം പാര്‍ലമെന്റില്‍
ദില്ലി : ജിഎസ്ടി സ്ലാബുകളിലെ മാറ്റം നിശ്ചയിച്ചത് കേരളത്തിലെ ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഉള്‍പ്പെട്ട ഉപസമിതിയെന്ന് ആവര്‍ത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. രാജ്യസഭയില്‍ ധനകാര്യസഹമന്ത്രി പങ്കജ് ചൗധരിയാണ് ഇക്കാര്യം അറിയിച്ചത്. പശ്ചിമബംഗാളിലെ ധനമന്ത്രിയും സമിതിയിലുണ്ടായിരുന്നു. സമവായത്തിലൂടെയാണ് ജിഎസ്ടി നിരക്കു മാറ്റം സമിതി അംഗീകരിച്ചതെന്നും പങ്കജ് ചൗധരി വ്യക്തമാക്കി.
ജിഎസ്ടി നിരക്കു വര്‍ധന പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധം തുടരുമ്പോഴാണ് കേന്ദ്രമന്ത്രി രാജ്യസഭയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. ജിഎസ്ടി വര്‍ദ്ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നല്കിയ അടിയന്തരപ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളി. ബഹളം കാരണം ലോക്‌സഭ രണ്ടു മണിവരെ നിറുത്തി വച്ചു. രാജ്യസഭിലും പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി. മുദ്രാവാക്യം മുഴക്കുന്നവര്‍ക്കെതിരെ നടപടി എടുക്കുമെന്ന മുന്നറിയിപ്പ് ഉപാദ്ധ്യക്ഷന്‍ ഹരിവംശ് നല്‍കി.